തിരൂരങ്ങാടിയിൽ യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേർ അറസ്റ്റിൽ


തിരൂരങ്ങാടി : യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. വേങ്ങര കൂരിയാട് സ്വദേശി മുഹമ്മദ് സഫ്വാൻ (32) എന്നയാളുടെ പരാതിയിലാണ് തിരൂരങ്ങാടി സ്വദേശികളായ പൂവഞ്ചേരി ഇസ്മായിൽ (36), മുഹമ്മദ് അക്ബർ (36), കൊക്കപറമ്പൻ നൗഷാദലി, ഷഫീഖ് എന്നിവരെ തിരൂരങ്ങാടി പോലീസ് ഇൻസ്‌പെക്ടർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. രാത്രി 9.30 മമ്പുറം പുതിയ പാലത്തിനടുത്തുവെച്ച് സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുമ്പോൾ പ്രതികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇരുമ്പ് വടി കൊണ്ട് അടിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. റിഡ്‌സ് കാറും അക്രമികൾ അടിച്ച് തകർത്തിരുന്നു. വാഹനത്തിന് സൈഡ് കൊടുക്കാത്തതിനുള്ള തർക്കമാണ് വിരോധത്തിന് കാരണം.
പ്രതികളിൽ ഇസ്മായിൽ എന്നയാൾക്ക് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ അടിപിടി, കവർച്ച എന്നിങ്ങനെ വിവിധ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.