NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഇല്ലാത്ത ചികിത്സാ രേഖ ആവശ്യപ്പെട്ട് ഇൻഷുറൻസ് നിഷേധിച്ചു; സേവനത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി; ഇൻഷുറൻസ് കമ്പനിക്ക് 2.26 ലക്ഷം രൂപ പിഴ..!

 

നിലവിലില്ലാത്ത ചികിത്സാ രേഖകൾ ആവശ്യപ്പെട്ട് ഇൻഷുറൻസ് നിഷേധിച്ച ഇൻഷുറൻസ് കമ്പനി പരാതിക്കാരന് 2,26,269 രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. എടവണ്ണ സ്വദേശിയായ മുഹമ്മദ് റാഫി നൽകിയ പരാതിയിലാണ് സുപ്രധാന വിധി.

ഇൻഷുറൻസ് പോളിസിയുണ്ടായിരുന്ന മുഹമ്മദ് റാഫി മഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് ഇൻഷുറൻസ് ആനുകൂല്യത്തിനായി സമീപിച്ചപ്പോൾ, പോളിസി എടുക്കുന്നതിന് മുൻപ് രോഗവിവരം മറച്ചുവെച്ചെന്നും ചികിത്സാ രേഖകൾ ഹാജരാക്കിയില്ലെന്നും പറഞ്ഞ് കമ്പനി ആനുകൂല്യം നിഷേധിക്കുകയായിരുന്നു.

എന്നാൽ, ഇൻഷുറൻസ് പോളിസി എടുക്കുന്നതിന് മുൻപ് പരാതിക്കാരന് രോഗമുണ്ടായിരുന്നതായി ഒരു രേഖയും തെളിയിക്കാൻ കമ്പനിക്ക് കഴിഞ്ഞില്ലെന്ന് ഉപഭോക്തൃ കമ്മീഷൻ കണ്ടെത്തി. ഇല്ലാത്ത ചികിത്സാ രേഖകൾ ആവശ്യപ്പെട്ട് ഇൻഷുറൻസ് നിഷേധിച്ച കമ്പനിയുടെ നടപടി സേവനത്തിലെ ഗുരുതരമായ വീഴ്ചയാണെന്ന് കമ്മീഷൻ വ്യക്തമാക്കി.

പരാതിക്കാരൻ്റെ ചികിത്സാ ചെലവായ 1,21,269 രൂപയും, നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവായ 5,000 രൂപയും ഒരു മാസത്തിനകം നൽകാനാണ് കമ്മീഷൻ്റെ ഉത്തരവ്. ഈ സമയപരിധിക്കുള്ളിൽ തുക നൽകിയില്ലെങ്കിൽ ഒൻപത് ശതമാനം പലിശ സഹിതം നൽകേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *