NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനം; മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി, ഇരുന്നൂറിലേറെപ്പേരെ കാണാനില്ല

ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 50 ആയി. നൂറിലധികം പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുന്നൂറിലേറെപ്പേരെ കാണാതായി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എൻഡിആർഎഫും എസ്ഡിആർഎഫും സുരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

 

പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. ജമ്മു കശ്മീർ മിന്നൽ പ്രളയത്തിൽ ദുരന്തബാധിതർക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ രംഗത്തെത്തിയിരുന്നു. ഇന്ത്യയ്‌ക്കൊപ്പമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ചോസിതി പ്രദേശത്ത് ഉണ്ടായ വലിയ മേഘവിസ്‌ഫോടനം ഗണ്യമായ നാശനഷ്ടങ്ങൾക്ക് കാരണമായേക്കാമെന്ന് വ്യക്തമാക്കിയ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ഭരണകൂടം ഉടൻ തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.

 

കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ ചോസിതിയിലാണ് മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയമുണ്ടായത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കിഷ്ത്വാറിലെ മചൈൽ മാതാ തീർത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള പാത ആരംഭിക്കുന്നിടത്താണ് മേഘവിസ്‌ഫോടനവും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടായത്. മരിച്ചവരിൽ ഏറെയും തീർത്ഥാടകരാണ് എന്നാണ് വിവരം. പ്രളയത്തെ തുടർന്ന് ക്ഷേത്രത്തിലേക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *