ബെംഗളൂരുവിൽ ഉപയോഗിച്ച തന്ത്രം മറ്റിടങ്ങളിലും പ്രയോഗിച്ചു; ലോക്സഭാ സീറ്റുകളിൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയത് വോട്ട് തട്ടിപ്പിലൂടെയെന്ന് രാഹുൽ ഗാന്ധി


ലോക്സഭാ സീറ്റുകളിൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയത് വോട്ട് തട്ടിപ്പിലൂടെ എന്ന് രാഹുൽ ഗാന്ധി. ബെംഗളൂരു ഉപയോഗിച്ച അതേ തന്ത്രം തന്നെയാണ് മറ്റിടങ്ങളിലും പ്രയോഗിച്ചതെന്നും, ഈ മണ്ഡലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഘട്ടം ഘട്ടമായി പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടർപട്ടിക ക്രമക്കേടിൽ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് യോഗത്തിലാണ് രാഹുൽഗാന്ധി ഇക്കാര്യം അറിയിച്ചത്.
48 ലോക്സഭാ സീറ്റുകളിൽ നേരിയ വോട്ടുകൾക്കാണ് കോൺഗ്രസ് പരാജയപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്ക് ശേഷം നടന്ന മഹാരഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മീഷനും, ബിജെപിയും തമ്മിൽ ഒത്തുകളി നടന്നതായി രാഹുൽ യോഗത്തിൽ ആരോപിച്ചു.
സംസ്ഥാനങ്ങളിലേക്ക് കൂടി പ്രതിഷേധം ശക്തമാക്കാനാണ് ഇന്ത്യ മുന്നണിയുടെയും തീരുമാനം. പി സി സികളുടെ നേതൃത്വത്തിൽ ഈ മാസം 22 മുതൽ സെപ്റ്റംബർ 7 വരെയാണ് സംസ്ഥാന റാലികൾ സംഘടിപ്പിക്കുക. ഡിസിസി ഓഫീസുകളിലേക്ക് പന്തം കൊളുത്തി പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
വോട്ടുകൊള്ള ആരോപണത്തിൽ രാജ്യതലസ്ഥാനത്ത് തിങ്കളാഴ്ച പ്രതിപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പാർലമെന്റിൽ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേയ്ക്കുള്ള പ്രതിഷേധ മാർച്ചിൽ മൂന്നൂറോളം പ്രതിപക്ഷ എം പിമാർ പങ്കെടുത്തിരുന്നു. സമീപകാലത്തെ വലിയ പ്രതിഷേധത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്.