വോട്ട് ചോരി ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് മാർച്ച് നടത്താൻ പ്രതിപക്ഷം; സുരക്ഷ കർശനമാക്കി


രാഹുൽ ഗാന്ധി ഉന്നയിച്ച ‘വോട്ട് ചോരി’ വിഷയത്തിൽ 25 പ്രതിപക്ഷ പാർട്ടികളിൽനിന്നായി 300 എംപിമാർ പാർലമെന്റിൽ നിന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് ഇന്ന് മാർച്ച് നടത്തും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പും ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ സ്പെഷൽ ഇൻറ്റെൻസീവ് റിവിഷനും (എസ്ഐആർ) മുൻനിർത്തിയാണു പ്രതിഷേധം. പാർലമെന്റിന്റെ മകർദ്വാറിൽനിന്ന് രാവിലെ 11.30നാണ് റാലി ആരംഭിക്കുക.
കോൺഗ്രസ്, സമാജ്‍വാദി പാർട്ടി, ടിഎംസി, ഡിഎംകെ, എഎപി, ആർജെഡി, എൻസിപി(എസ്പി), ശിവസേന (ഉദ്ധവ് വിഭാഗം), നാഷനൽ കോൺഫറസ് തുടങ്ങിയ പാർട്ടികൾ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുമെന്നാണ് സൂചന. 12 എംപിമാരുള്ള ആം ആദ്മി പാർട്ടിയെ ഉൾപ്പെടുത്തുന്നതിനായി ഇന്ത്യ സഖ്യത്തിന്റെ ബാനർ ഇല്ലാതെയായിരിക്കും മാർച്ച് നടക്കുക. കഴിഞ്ഞ മാസം ആം ആദ്മി പാർട്ടി ഇന്ത്യ സഖ്യത്തിൽ നിന്നു പുറത്തുപോയിരുന്നു. ഇത് പ്രതിപക്ഷത്തിന്റെ പരിപാടിയാണെന്നും ആം ആദ്മി ഇതിൽ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തൃണമൂൽ കോൺഗ്രസ് എംപി സാഗരിക ഘോഷ് പറഞ്ഞു.
അതേസമയം, രണ്ടു കി.മീ. അകലെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്കുള്ള മാർച്ചിന് ഡൽഹി പൊലീസ് അനുമതി നൽകില്ലെന്നാണു വിലയിരുത്തപ്പെടുന്നത്. അനുമതി ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യസഭ, ലോക്സഭാ എംപിമാർ മാർച്ചിൽ പങ്കെടുക്കും. ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, ബംഗാളി, മറാഠി തുടങ്ങിയ ഭാഷകളിലെ പോസ്റ്ററുകൾ മാർച്ചിൽ ഉണ്ടാകും. വോട്ട് ചോരി വിഷയത്തിൽ ജനപിന്തുണയ്ക്കായി കോൺഗ്രസ് ഇന്നലെ ഒരു പോർട്ടൽ പുറത്തിറക്കിയിരുന്നു.