സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിന് പരപ്പനങ്ങാടിയിൽ ഉജ്ജ്വല തുടക്കം


പരപ്പനങ്ങാടി : സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിന് പരപ്പനങ്ങാടിയിൽ ഉജ്ജ്വല തുടക്കം. സമ്മേളനത്തിന്റെ ഭാഗമായുള്ള റെഡ് വളണ്ടിയർ മാർച്ച് പുത്തിരിക്കൽ സ്റ്റേഡിയം പരിസരത്തുനിന്നും ആരംഭിച്ച് പരപ്പനങ്ങാടി റെയിൽവേ മേൽപ്പാലം വഴി അഞ്ചപ്പുരയിൽ പ്രവേശിച്ച് പയനിങ്ങൽ ജംഗ്ഷനിലെ പൊതുസമ്മേളന വേദിയിൽ സമാപിച്ചു.
തുടർന്ന് പൊതുസമ്മേളന വേദിയിൽ സംഘാടക സമിതി ചെയർമാൻ നിയാസ് പുളിക്കലകത്ത് പതാക ഉയർത്തി. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി സ. പി.കെ.കൃഷ്ണദാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സിപിഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി പി.പി. സുനീർ എംപി മുഖ്യപ്രഭാഷണം നടത്തി.
സത്യൻ മൊകേരി, മുല്ലക്കര രത്നാകരൻ, രാജാജി മാത്യൂസ്, സി.കെ. ശശിധരൻ, പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളും ജില്ലാനേതാക്കളും സംബന്ധിച്ചു.സ്വാഗത സംഘം ചെയർമാൻ നിയാസ് പുളിക്കലകത്ത്, ജില്ലാ എക്സികുട്ടീവ് അംഗങ്ങൾ, കെ.മൊയ്തീൻ കോയ, ഗിരീഷ് തോട്ടത്തിൽ, സി.പി.സക്കരിയ, സി.പി.നൗഫൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
തിങ്കളാഴ്ച രാവിലെ പത്തിന് ജാസ് കൺവെൻഷൻ സെന്ററിൽ ഒരുക്കിയ കെ പ്രഭാകരൻ നഗറിൽ പതാക ഉയർത്തൽ, രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാര്ച്ചന എന്നിവ നടത്തി പ്രതിനിധി സമ്മേളനം ആരംഭിക്കും. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുത്ത പ്രതിനിധികൾ പങ്കെടുക്കും.
രണ്ടുദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും മുൻമന്ത്രിയുമായിരുന്ന കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ, സത്യൻ മൊകേരി, മുല്ലക്കര രത്നാകരൻ, രാജാജി, മാത്യൂസ്, സി.കെ. ശശിധരൻ ഉൾപ്പെടെ, പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളും ജില്ലാനേതാക്കളും സംബന്ധിക്കും.