മമ്പുറത്ത് ചാർജ്ജിൽ ഇട്ടുവെച്ച ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു; വീട് അടക്കം കത്തി, വൻ നാശനഷ്ടം; സംഭവം രാത്രിയിൽ..!


തിരൂരങ്ങാടി മമ്പുറത്ത് ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വീടിനും റൂമിലെ എ സി അടക്കമുള്ള സാധനങ്ങൾക്കും തീ പിടിച്ച് വലിയ നാശനഷ്ടം സംഭവിച്ചു. മമ്പുറം മഖാമിന് മുൻവശം എ.പി. അബ്ദുൽ ലത്തീഫിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിന് ആണ് തീ പിടിച്ചത്. ഇന്നലെ രാത്രി 12.30-ഓടെയാണ് സംഭവം.
വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിന്റെ പോർച്ചിൽ ചാർജ്ജ് ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ടി.വി.എസ് ഇലക്ട്രിക് സ്കൂട്ടറിനാണ് തീപിടിച്ചത്. നിമിഷങ്ങൾക്കകം തീ വളരെ വേഗം വീടിന്റെ ജനലുകളിലേക്കും റൂമിലേക്കും പടർന്നുപിടിക്കുകയായിരുന്നു.
റൂമിലുണ്ടായിരുന്ന എ.സി., മറ്റ് വീട്ടുപകരണങ്ങൾ എന്നിവ പൂർണ്ണമായും കത്തിനശിച്ചു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്നവർ ഉറങ്ങുകയായിരുന്നു.
രാത്രിയിൽ പുറത്ത് വെളിച്ചവും പൊട്ടിത്തെറിയും കണ്ടയുടൻ ഉണർന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടതുകൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. അപ്പോഴേക്കും വീടിന്റെ ഒരുഭാഗം കാത്തുന്നുണ്ടായിരുന്നു.
തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.