ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്കുള്ള യാത്ര; ട്രെയിനില്‍നിന്ന് വീണു യുവതിക്ക് ദാരുണാന്ത്യം..!


ഭർത്താവിനൊപ്പം ചെന്നൈയിലേക്ക് തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്ന യുവതി തീവണ്ടിയിൽ നിന്ന് വീണ് മരിച്ചു. വളാഞ്ചേരി ശുകപുരം കാരാട്ട് സദാനന്ദന്റെ മകൾ രോഷ്ണി (30) ആണ് മരിച്ചത്.
തമിഴ്‌നാട്ടിലെ ചോളാർപേട്ടക്കടുത്ത് വെച്ച് ശുചിമുറിയിൽ പോകുന്നതിനിടെയാണ് രോഷ്ണി തീവണ്ടിയിൽ നിന്ന് വീണത്. ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭർതൃപിതാവിനെ കാണാനായാണ് രോഷ്ണിയും ഭർത്താവ് രാജേഷും രാത്രി തിരുവനന്തപുരം – ചെന്നൈ എക്‌സ്പ്രസ്സിൽ യാത്ര തിരിച്ചത്.
ശൗചാലയത്തിലേക്ക് പോകണമെന്ന് രോഷ്ണി ആവശ്യപ്പെട്ടതിനെ തുടർന്ന് ഭർത്താവ് രാജേഷും കൂടെ പോയിരുന്നു. ശൗചാലയത്തിനടുത്ത് മാറിനിന്ന രാജേഷ് ഏറെ സമയം കഴിഞ്ഞിട്ടും രോഷ്ണി പുറത്തിറങ്ങാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായ വിവരമറിയുന്നത്.
തുടർന്ന് നടത്തിയ തിരച്ചിലിൽ ചോളാർപേട്ടക്കടുത്ത് റെയിൽവേ ട്രാക്കിൽ രോഷ്ണിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.