NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മാലിന്യ സംസ്‌കരണ പ്ലാന്റിലെ അതിഥി തൊഴിലാളികളുടെ മരണം; ലേബര്‍ കമീഷണര്‍ അന്വേഷണം നടത്തും; ഉത്തരവിട്ട് മന്ത്രി..!

അരീക്കോട് മാലിന്യക്കുഴിയില്‍ വീണ് മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് തൊഴില്‍ മന്ത്രി വി ശിവൻകുട്ടി.

സംഭവത്തില്‍ ലേബർ കമീഷണർ അന്വേഷണം നടത്തും. തൊഴിലാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നിയമപ്രകാരം അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി.

ഇന്ന് ഉച്ചയോടെ അരീക്കോട് വടക്കുംമുറിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റിലാണ് മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചത്. വികാസ് കുമാർ, ഹിതേഷ് ശരണ്യ, സമദ് അലി എന്നിവരാണ് മരിച്ചത്. രണ്ട് പേർ ബിഹാർ സ്വദേശികളും ഒരാള്‍ അസം സ്വദേശിയുമാണ്.

സ്വകാര്യ വ്യക്തികളുടെ കോഴിമാലിന്യ സംസ്‌കരണ പ്ലാന്റിലാണ് അപകടം. കോഴി മാലിന്യ സംസ്‌കരണ യൂണിറ്റിലെ വാട്ടർ ടാങ്കിലിറങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇവിടെ ഇത്തരത്തിൽ ഒരു പ്ലാന്റ് ഉള്ളതായി നാട്ടുകാർക്ക് പോലും വലിയ അറിവ് ഇല്ലായിരുന്നു.

തൊഴിലാളികളെ മാനേജർ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരിച്ചില്ല. പരിശോധനയിൽ സിസിടിവി ദൃശ്യങ്ങളിൽ ഇവർ പ്ലാന്റിന് അകത്തേക്ക് പോകുന്നത് കണ്ടു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനിറങ്ങിയ മറ്റ് രണ്ട് തൊഴിലാളികളും അകപ്പെടുകയായിരുന്നു. തൊഴിലാളികളെ ആദ്യം അരീക്കോട് സർക്കാർ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *