നവകേരള സദസ്സ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികൾ


നവകേരള സദസ്സിൽ പൊതുജനങ്ങളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിലെ വിവിധ വികസന പദ്ധതികൾക്കായി 114 കോടി രൂപ അനുവദിച്ചു. ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലായി അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ മേഖലയുടെ ഉന്നമനം, ടൂറിസം പ്രോത്സാഹനം എന്നിവ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾക്കാണ് തുക വകയിരുത്തിയിരിക്കുന്നത്.
പ്രധാന പദ്ധതികളും അനുവദിച്ച തുകയും:
* കൊണ്ടോട്ടി: കാരാട്-മൂളപ്പുറം-ചണ്ണയിൽ പള്ളിയാൽ റോഡ് നവീകരണത്തിന് പത്ത് കോടി രൂപ.
* ഏറനാട്: ഏറനാട്, തിരുവമ്പാടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഊർങ്ങാട്ടിരി പഞ്ചായത്തിലെ പനമ്പി ലാവ് പാലം പുനർനിർമാണത്തിന് അഞ്ച് കോടി രൂപയും, അരീക്കോട് സ്റ്റേഡിയം നവീകരണത്തിന് രണ്ട് കോടി രൂപയും.
* നിലമ്പൂർ: നിലമ്പൂർ നഗരത്തിലെ കെ.എൻ.ജി. റോഡ് വീതി കൂട്ടുന്നതിന് അഞ്ച് കോടി രൂപ.
* വണ്ടൂർ: തിരുവാലി നടുവത്ത് കൂറ്റൻപാറ ഇക്കോ ടൂറിസം പദ്ധതിക്കായി ഏഴ് കോടി രൂപ.
* മഞ്ചേരി: മഞ്ചേരി ജനറൽ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കാഷ്വാലിറ്റി കെട്ടിടം നിർമിക്കുന്നതിന് പത്ത് കോടി രൂപ.
* പെരിന്തൽമണ്ണ: പീക്കോക്ക് വാലി ടൂറിസം പദ്ധതിക്കായി ഏഴ് കോടി രൂപ.
* മങ്കട: സി.എച്ച്.സി. നിർമാണത്തിന് ഏഴ് കോടി രൂപ.
* മലപ്പുറം: മലപ്പുറം ഗവൺമെൻ്റ് കോളജിൽ പുതിയ അക്കാഡമിക് ബ്ലോക്ക് നിർമാണത്തിന് അഞ്ച് കോടി രൂപ.
* വേങ്ങര: കിളിനക്കോട്-മിനി റോഡ്, ടിപ്പുസുൽത്താൻ റോഡ് എന്നിവ ബി.എം.ബി.സി ചെയ്യുന്നതിന് ഏഴ് കോടി രൂപ.
* വള്ളിക്കുന്ന്: ഇടിമൂഴിക്കൽ അഗ്രശാല പാറക്കടവ് റീച്ച് വൺ റോഡ് നവീകരണത്തിന് ഏഴ് കോടി രൂപയും, തേഞ്ഞിപ്പലം വില്ലേജ് ഓഫീസിന് സ്വന്തമായി ഭൂമിയും കെട്ടിടവും വാങ്ങുന്നതിന് ഒരു കോടി രൂപയും.
* തിരൂരങ്ങാടി: പെരുമണ്ണ ക്ലാരി പി.എച്ച്.സി. കെട്ടിടം പുനർനിർമാണത്തിന് ആറ് കോടി രൂപ.
* താനൂർ: താലൂക്ക് ആശുപത്രി കെട്ടിടത്തിൽ പുതിയ നില നിർമിക്കുന്നതിന് ഏഴ് കോടി രൂപ.
* തിരൂർ: ആതവനാട് പഞ്ചായത്തിലെ ചോറ്റൂർ മുതൽ മാട്ടൂർ ഹൈസ്കൂൾ വരെയുള്ള റോഡ് നവീകരണം, തിരൂർ മുൻസിപ്പാലിറ്റിയിലെ ഏഴൂർ കൊട്ടിലത്തറ റോഡ് നവീകരണം, അപ്രോച്ച് റോഡ് നിർമാണം എന്നിവയ്ക്കായി ഏഴ് കോടി രൂപ.
* കോട്ടക്കൽ: ആയുർവേദം, അലോപ്പതി, മറ്റ് മെഡിക്കൽ ശാഖകൾ എന്നിവ ചേർത്ത് ഹെൽത്ത് ടൂറിസം വികസന പദ്ധതിക്കും വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളജ് ഹോസ്പിറ്റലിനുമായി ഏഴ് കോടി രൂപ.
* തവനൂർ: എടപ്പാൾ ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ കെട്ടിട നിർമാണത്തിന് 3.5 കോടി രൂപയും, കുറ്റിപ്പുറം മിനി പമ്പ് നവീകരണത്തിന് 3.5 കോടി രൂപയും.
* പൊന്നാനി: കൊല്ലൻപടിയിൽ നിന്ന് തുടങ്ങി കറുകത്തിരുത്തി വളവ് വരെ ബി.എം.ബി.സിയും മറ്റ് അനുബന്ധ പ്രവൃത്തികളും ചെയ്യുന്നതിന് 3.25 കോടി രൂപയും, കുറ്റിപ്പുറം-തൃശൂർ സംസ്ഥാന പാതയിൽ മേലെ പന്താവൂർ പാലം മുതൽ പെരുമുക്ക് വഴി കാഞ്ഞൂർ തരിയത്ത് വരെ ബി.എം.ബി.സി ചെയ്യുന്നതിന് 3.75 കോടി രൂപയും.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നേരിട്ട് ജനങ്ങളെ കണ്ട് നിർദേശങ്ങളും പരാതികളും സ്വീകരിച്ച നവകേരള സദസ്സിൽ ഉയർന്നുവന്ന ആവശ്യങ്ങളാണ് പരിഗണിച്ച് ഈ പദ്ധതികൾക്ക് തുക അനുവദിച്ചിരിക്കുന്നത്.