ബംഗാൾ ഉൾക്കടലിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി


അന്തമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ ശക്തമായ ഭൂചലനം. ഇന്നു പുലർച്ചെ 12.11 ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൂകമ്പത്തിന് 10 കിലോമീറ്റർ ആഴമുണ്ടെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കുന്നത്. 6.82 N അക്ഷാംശത്തിലും 93.37 E രേഖാംശത്തിലുമായിരുന്നു ഭൂകമ്പത്തിന്റെ കൃത്യമായ സ്ഥാനം.
ആൻഡമാൻ കടലും ചുറ്റുമുള്ള ദ്വീപുകളും വളരെ സജീവമായ ഭൂകമ്പ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ഈ പ്രദേശത്തെ പതിവ് ഭൂകമ്പങ്ങൾക്കും സുനാമി ഭീഷണികൾക്കും വിധേയമാക്കുന്നുണ്ട്.
ജൂലൈ 22-ന് രാവിലെ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ ഭൂകമ്പം. ഫരീദാബാദ് പ്രഭവകേന്ദ്രമായി 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അന്നുണ്ടായത്. വസ്തുവകകൾക്ക് നാശനഷ്ടമോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിരുന്നില്ല.
ഇത്തരം ദുരന്തങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി, ദേശീയ തലസ്ഥാന മേഖലയിൽ (എൻസിആർ) ജൂലൈ 29 മുതൽ ഓഗസ്റ്റ് 1 വരെ വലിയ തോതിലുള്ള ദുരന്തനിവാരണ മോക്ക് ഡ്രില്ലുകൾ നടത്താൻ ഡൽഹി, ഹരിയാണ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ തീരുമാനിച്ചു.
ഭൂകമ്പം, വ്യാവസായിക രാസ അപകടങ്ങൾ തുടങ്ങിയ വലിയ ദുരന്തങ്ങളെ നേരിടാനുള്ള ഏകോപനവും പ്രതികരണ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനാണ് ഈ പരിശീലനങ്ങൾ നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.