സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആത്മഹത്യചെയ്‌ത സംഭവം: പ്രതിയായ ജനറൽ മാനേജർ അബ്ദുൽ റഹ്മാനിൽനിന്ന് നേരിട്ടത് അനീതിയെന്ന് അന്വേഷണ സംഘം കണ്ടെത്തി


കുറ്റിപ്പുറം : സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആത്മഹത്യചെയ്‌ത സംഭവത്തിൽ പ്രതിയായ ജനറൽ മാനേജർ വളാഞ്ചേരി കാവുംപുറം സ്വദേശി അബ്ദുൽ റഹ്മാനിൽനിന്ന് നേരിട്ടത് അനീതിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. എറണാകുളം കോതമംഗലത്തെ സ്വകാര്യ സ്ഥാപനത്തിൽ ഒ.ടി ടെക്‌നീഷ്യൻ കോഴ്‌സിനു ചേർന്ന് പഠിക്കുകയായിരുന്ന അടിവാട് സ്വദേശിനി അമീനയാണ് ആത്മഹത്യ ചെയ്തത്.
ആറു മാസം തിയറിയും ഒരു വർഷം പ്രാക്‌ടിക്കൽ പഠനവുമായിരുന്നു കോഴ്‌സിലുണ്ടായിരുന്നത്. പഠിക്കുന്ന സ്ഥാപനമാണ് പ്രാക്ടിക്കൽ പഠനത്തിനായി അമീനയെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചത്. കോഴ്സ് കഴിഞ്ഞ് വിദേശത്ത് ജോലിയായിരുന്നു അമീനയുടെ ലക്ഷ്യം. 2024 ഡിസംബറിൽ പ്രാക്ടിക്കൽ പഠനം പൂർത്തിയായെങ്കിലും ആറു മാസംകൂടി നിന്നാലേ പരിചയസർട്ടിഫിക്കറ്റ് തരൂവെന്ന് ജനറൽ മാനേജർ പറഞ്ഞു.
ഇതുപ്രകാരം ജൂണിൽ ആറു മാസം കഴിയാനിരിക്കെ ഗൾഫിൽ ജോലി ശരിയായ അമീന പരിചയസർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ, തരാൻ കഴിയില്ലെന്നായിരുന്നു ജനറൽ മാനേജറുടെ മറുപടി. ഒടുവിൽ അമീനയുടെ ബന്ധുക്കൾ എത്തി സംസാരിച്ചതനുസരിച്ച് ഒരു മാസംകൂടി ആശുപത്രിയിൽ തുടരാൻ തീരുമാനമായി.
ജൂലൈ 16ന് ജോലിയിൽനിന്ന് പിരിയാൻ തീരുമാനിച്ച അമീന 12ന് ജനറൽ മാനേജറുടെ കാബിനിൽ എത്തി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. ഇത് ലഭിക്കാത്തതിൽ മനംനൊന്താണ് അമീന ആത്മഹത്യ ചെയ്തതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ആറു മാസം മുമ്പ് ആശുപത്രിയിൽനിന്ന് പോകാൻ ഒരുങ്ങിയശേഷം അമീന ജനറൽ മാനേജറുടെ കൊടിയ പീഡനങ്ങൾക്ക് ഇരയായെന്ന് ഡിവൈ.എസ്.പി പ്രേമാനന്ദൻ പറഞ്ഞു.
അറിയാത്ത ജോലികൾ അടക്കം ചെയ്യാൻ നിർബന്ധിച്ചു. അല്ലാത്തപക്ഷം പരിചയസർട്ടിഫിക്കറ്റ് തരില്ലെന്ന് ഭീഷണിപ്പെടുത്തി. ആശുപത്രിയിലെ എല്ലാ ജീവനക്കാരും ജനറൽ മാനേജറുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
മുൻ ജീവനക്കാരും സ്റ്റേഷനിലെത്തി പരാതി നൽകി. ഒളിവിൽ പോയ ജനറൽ മാനേജരെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. മലപ്പുറം ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം തിരൂർ ഡിവൈ.എസ്.പി പ്രേമാനന്ദകൃഷ്ണൻ, കുറ്റിപ്പുറം എസ്.എച്ച്.ഒ നൗഫൽ, എസ്.ഐ ഗിരി എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ നവീൻ, തിരൂർ ഡാൻസാഫ് അംഗങ്ങളായ എസ്.ഐ ജയപ്രകാശ്, എ.എസ്.ഐ രാജേഷ്, ജയപ്രകാശ്, സുധാകരൻ, എസ്.സി.പി.ഒ സനീഷ്, ഷെറിൻ ജോൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.