ഗതാഗതക്കുരിക്കിലമർന്ന് കടലുണ്ടി- പരപ്പനങ്ങാടി റോഡ് ; റോഡ് നവീകരണം ഇഴഞ്ഞു നീങ്ങുന്നു; അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതി


വള്ളിക്കുന്ന് : നവീകരണത്തിന്റെ ഭാഗമായി കീറിമുറിച്ചിട്ട കടലുണ്ടി- പരപ്പനങ്ങാടി റോഡിൽ രൂക്ഷമായ ഗതാഗതക്കുരുക്കിൽ യാത്രക്കാർക്ക് ദുരിതം. ഏറെ തിരക്കുള്ള ഈ റോഡിൽ പലയിടത്തും കീറിമുറിച്ചിട്ട നിലയിലാണ്.
ഒരുമാസത്തോളമായി നവീകരണം തുടങ്ങിയിട്ടും പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതായാണ് പരാതി. കൊടപ്പാളിക്കും അയ്യപ്പൻ കാവിനുമിടയിൽ ഓവുചാലിനായി റോഡ് കീറിയിട്ട് പോയിട്ട് ഏറെ ദിവസങ്ങളായി.
ഇതുവരെ പ്രവൃത്തി പൂർത്തിയാക്കിയിട്ടില്ല. ഇതുകാരണം ഒരേസമയം ഇരുഭാഗത്തേക്കും വാഹങ്ങൾക്ക് പോകാൻ കഴിയില്ല. ഗതാഗതം നിയന്ത്രിക്കാനും ഇവിടെ ആളില്ല. ഏറെ നേരമാണ് വാഹനങ്ങൾ കുരുക്കിലാവുന്നത്. നാട്ടുകാരും യാത്രക്കാർ വാഹനത്തിനിന്നിറങ്ങി വന്നുമാണ് പലപ്പോഴും വാഹനങ്ങളെ കടത്തിവിടുന്നത്.
അധികൃതരെ അറിയിച്ചിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. മഴ പെയ്തതോടെ കാൽനടയാത്രപോലും ദുരിതത്തിലായിട്ടുണ്ട്. പകുതി കീറിയിട്ട കുഴിയിൽ മണ്ണിടിയുമെന്ന അപകടഭീഷണിയുമുണ്ട്. രോഗികളുമായി പോകുന്ന ആംബുലൻസുകൾ വരെ ഏറെ നേരം കുരുക്കിലായിട്ടുണ്ട്.
കരാറുകാരോ പൊതുമരാമത്ത് വകുപ്പ് അധികൃതരോ ഇക്കാര്യം ഗൗനിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. വള്ളിക്കുന്ന് ആനങ്ങാടി വരെ പലയിടത്തും റോഡ് കീറിയിട്ടതിനാൽ ഇരുചക്രവാഹനങ്ങൾ തെന്നിമാറി അപകടത്തിൽ പെടുന്നതും പതിവായിട്ടുണ്ട്.