പരപ്പനങ്ങാടിയിലേയും വള്ളിക്കുന്നിലെയും തെരുവ് നായശല്യം തുരത്താൻ പൊലീസിറങ്ങുന്നു


പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലേയും വള്ളിക്കുന്നിലെയും ഭീതിപരത്തുന്ന തെരുവുനായക്കൂട്ടങ്ങളെ പിടിക്കാനും വന്ധീകരിക്കാനും രംഗത്തിറങ്ങാൻ പരപ്പനങ്ങാടി പോലീസ് വിളിച്ചു ചേർത്ത ജനമൈത്രി പോലീസ് സമിതി യോഗം തീരുമാനിച്ചു.
ഭരണ സമിതികളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും അനുമതി വാങ്ങി വന്ധീകരണം നടത്തിയ നായകൾക്ക് പ്രത്യേക കൂടൊരുക്കാനും വംശവർധനവ് തടഞ്ഞ് തെരുവുനായ ശല്യത്തിൻ്റെ ഭീതിക്ക് പരിഹാരം കാണാനും തീരുമാനമായി.
മയക്കുമരുന്നു വ്യാപനത്തെയും, നിയമ വിരുദ്ധ മദ്യപാനത്തെയും ചെറുക്കാൻ ജനകീയ സഹകരണത്തോടെ പൊലീസ് സംഘം പ്രവർത്തനം തുടങ്ങും. നിയമ വിരുദ്ധ പ്രവണതകൾ നടക്കുന്ന സ്ഥലങ്ങളും ഇടങ്ങളും പോലീസിൻ്റെ ശ്രദ്ധയിൽപ്പെടുത്താൻ മുന്നോട്ടു വരുന്നവരുടെ വിവരങ്ങൾ എവിടെയും ചോരാതെ രഹസ്യമായി സൂക്ഷിക്കുമെന്നും പോലിസ് ഉറപ്പുനൽകി.
ഇക്കാര്യം ജന മൈത്രി പോലീസ് സമിതി അംഗങ്ങൾ ജനങ്ങളെ അറിയിക്കും. പരപ്പനങ്ങാടി സ്റ്റേഷൻ ഓഫീസർ വിനോദ് വലിയാട്ടൂർയോഗം ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി ഏകോപന സമിതി ഉപാധ്യക്ഷൻ എ.വി. വിനോദ് കുമാർ, വ്യാപാരി വ്യവസായി സമിതി പ്രതിനിധി അമാനുള്ള ഉള്ളണം, പ്രസ് റിപോർട്ടേഴ്സ് ക്ലബ് സെക്രട്ടറി ഇഖ്ബാൽ പാലത്തിങ്ങൽ, കെ.ടി. വിനോദ്, മുഹമ്മദ് നഹ തുടങ്ങിയവർ ചർച്ചകൾക് നേതൃത്വം നൽകി.