അരനൂറ്റാണ്ടിന്റെ നിറവിൽ സിബിഎച്ച്എസ്എസ്; സുവർണജൂബിലി ആഘോഷ പരിപാടികൾക്ക് വെള്ളിയാഴ്ച തുടക്കം


വള്ളിക്കുന്ന് : അരനൂറ്റാണ്ടിന്റെ നിറവിൽ അത്താണിക്കൽ ചന്ദൻ ബ്രദേഴ്‌സ് ഹയർ സെക്കൻഡറി സ്കൂൾ സുവർണജൂബിലി ആഘോഷത്തിനൊരുങ്ങി. പഠനത്തിലും മറ്റും ഉന്നത നിലവാരം പുലർത്തുന്ന ഈ വിദ്യാലയം ഒരുവർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെയാണ് സുവർണ്ണ ജൂബിലി ആഘോഷം സംഘടിപ്പിക്കുന്നത്.
ആഘോഷ പരിപാടികൾ വെള്ളിയാഴ്ച വൈകീട്ട് നാലിന് കായിക,ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, റെയിൽവെ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്‌ഘാടനം ചെയ്യും. പി അബ്ദുൽ ഹമീദ് എംഎൽഎ അധ്യക്ഷത വഹിക്കും. ചടങ്ങിൽ 50 വർഷമായി സ്കൂൾ മാനേജറായി തുടരുന്ന എ.പി ബാലകൃഷ്ണൻ ജന്മനാടിൻ്ന്റെ ആദരവ് ഏറ്റുവാങ്ങും. സിനിമ-മിമിക്രി ആർട്ടിസ്റ്റ് നിർമ്മൽ പാലാഴി മുഖ്യാതിഥിയായി പങ്കെടുക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ സ്കൂളിൻ്ന്റെ വെബ്സൈറ്റ് ഉദ്‌ഘാടനം ചെയ്യും. രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസരംഗത്തെ പ്രമുഖർ സംബന്ധിക്കും. തുടർന്ന് അനിൽ ബേബി & ടീം അവതരിപ്പിക്കുന്ന ആനന്ദ രാവ് (മാജി കാമഡി ഷാ ) അരങ്ങേരും.
ആഘോഷത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഗമം, വിരമിച്ച അധ്യാപകരെ ആദരിക്കൽ, സ്കൂളിന്റെ ചരിത്രം അവതരിപ്പിക്കുന്ന പ്രദർശനങ്ങൾ, ടാലൻ5് ടെസ്റ്റുകൾ, ലഹരിക്കെതിരെ ബോധവത്ക്കരണം, പ്രാദേശികമായി വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ആദരിക്കൽ, വിവിധ മത്സരങ്ങൾ എന്നിവ നടക്കും.
വാർത്താ സമ്മേളനത്തിൽ പി. ഹൃഷികേശ് കുമാർ, പ്രിൻസിപ്പൾ വി. സന്ധ്യ, പി പ്രസന്നകുമാർ, വി. പ്രവീൺ കുമാർ, എ.പി. വിഷ്ണുദത്ത്, പി. രാജീവ്, എം.കെ. ഷബീർ എന്നിവർ പങ്കെടുത്തു.