അലമാരയിൽ സൂക്ഷിച്ച 12 പവൻ മോഷണം പോയ സംഭവത്തിൽ 16 കാരി പിടിയിൽ


തിരൂരങ്ങാടി: കൊളപ്പുറം അത്താണിക്കൽ കെ.കെ.സി.അബ്ദുൽ ഹമീദിന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണം കവർന്ന കേസിൽ 16 കാരിയായ തമിഴ്നാട് സ്വദേശി പിടിയിൽ. ഇവരുടെ വീട്ടിൽ ജോലി ചെയ്തിരുന്ന സ്ത്രീയോടൊപ്പം വന്നിരുന്ന കോയമ്പത്തൂർ സ്വദേശിനിയാണ് മോഷണം നടത്തിയത്.
അബ്ദുൽ ഹമീദിന്റെ മരുമകളുടെ സ്വർണ്ണമായിരുന്നു. കഴിഞ്ഞ ദിവസം പരിശോധിച്ചപ്പോഴാണ് നഷ്ടപ്പെട്ടത് അറിയുന്നത്. തുടർന്ന് താനൂർ ഡി.വൈ.എസ്.പി എം.ഐ. ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ദിവസങ്ങളായി അന്വേഷണ സംഘം വീട്ടില്‍ നേരത്തെ ജോലിചെയ്‌തിരുന്ന ഊട്ടി സ്വദേശിനിയെ കേന്ദ്രീകരിച്ചും അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി വരികയായിരുന്നു.
ഇതിനിടെയാണ് പരാതിക്കാരന്റെ വീട്ടില്‍ നേരത്തെ ജോലി ചെയ്‌തിരുന്ന ഊട്ടി സ്വദേശിയായ യുവതിക്കൊപ്പം ഇടയ്‌ക്ക് വന്ന് പോയിരുന്ന 16 കാരിയാണ് സ്വര്‍ണം മോഷ്ടിച്ചതെന്ന് കണ്ടെത്താനായത്. ഇവരുടെ താമസ സ്ഥലത്ത് വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചു വെച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തു. ഡി.വൈ.എസ്.പിക്ക് പുറമെ തിരൂരങ്ങാടി എസ്.ഐ.പി.എം.രതീഷ്, പ്രമോദ്, സി.സി.പി ഒ. സലേഷ്, സി.പി.ഒ ജിനേഷ്, വിനീഷ്, വനിതസി.പി.ഒ മാരായ ജിജി, സജിനി എന്നിവരാണ് പ്രതിയെ പിടികൂടിയത്.