290 ൽ അധികം പേർ മരണപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ; തകർന്നുവീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി, എയർ ഇന്ത്യ സിഇഒ സംഭവ സ്ഥലത്ത്
1 min read

ഗുജറാത്തിലെ അഹമ്മദാബാദിൽ ഉണ്ടായ വിമാന ദുരന്തത്തിൽ 290 ൽ അധികം പേർ മരണപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന പന്ത്രണ്ട് ജീവനക്കാർ അടക്കം 241 പേർ അപകടത്തിൽ അതിദാരുണമായി മരണപ്പെ ട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം. വിമാനം തകർന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും മരിച്ചതായാണ് റിപ്പോർട്ട്.
24 പ്രദേശവാസികളും അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുമാണ് മരിച്ചത്. ഒരാൾ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇന്ത്യൻ വംശജയനും ബ്രിട്ടീഷ് പൗരനുമായ രമേശ് വിസ്വാഷ് കുമാർ മാത്രമാണ് അപകടത്തിൽ രക്ഷപ്പെട്ടത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ ചികിത്സയിലുള്ള 12 വിദ്യാർത്ഥികളുടെ നില ഗുരുതരമാണെന്നാണ് വിവരം.
അപകടത്തിൽ മരിച്ചവരുടെ ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉന്നതതല സമിതിയെ രൂപീകരിക്കും. എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസൺ സംഭവ സ്ഥലത്തെത്തി.
അതേസമയം തകർന്നുവീണ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. അപകടം നടന്ന് 9 മണിക്കൂറിന് ശേഷമാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്സ് കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. വിമാനത്തിന്റെ പിൻഭാഗം കത്താതിരുന്നതിനാലാണ് വേഗത്തിൽ ബ്ലാക്ക് ബോക്സ് കണ്ടെത്താനായത്. അന്വേഷണ ഉദ്യോഗസ്ഥരാണ് കണ്ടെടുത്തത്. അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റുമാർ സംസാരിച്ചതടക്കം ബ്ലാക്ക് ബോക്സിൽ നിന്ന് കണ്ടെത്താം. വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാർ സംഭവിച്ചോ എന്നും ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നതിലൂടെ അറിയാനാകുമെന്നാണ് കരുതുന്നത്.