NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വിമാനദുരന്തം; മരണസംഖ്യ ഉയരുന്നു, വിമാനത്തിൽ 8 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളും; നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. ഇതുവരെയും 133 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയിൽ തകർന്നു വീണത്. യാത്രക്കാരുടെ പട്ടികയിൽ 169 ഇന്ത്യക്കാരുണ്ട്. 53 ബ്രിട്ടീഷുകാർ, 7 പോർച്ചു​ഗീസ് പൗരൻമാർ, കാനഡയിൽ നിന്നുള്ള ഒരാൾ എന്നിങ്ങനെയാണ് യാത്രക്കാരെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ. യാത്രക്കാരുടെ പട്ടികയിൽ മലയാളികളുമുണ്ടെന്നാണ് വിവരം.

 

242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയ‍ർ ഇന്ത്യ വിമാനമാണ് തകർന്ന് വീണത്. പറന്നുയർന്ന വിമാനം അഞ്ച് മിനിറ്റിനുള്ളിൽ തകർന്നു വീഴുകയായിരുന്നു. ഉച്ചക്ക് ഒന്നരയോട് കൂടി ജനവാസ മേഖലയിലാണ് ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. വിമാനത്തിൽ 232 യാത്രക്കാരും 10 ക്രൂ അം​ഗങ്ങളുമാണുണ്ടായിരുന്നത്. ​ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. ഇദ്ദേഹത്തിന് ​ഗുരുതര പരിക്കേറ്റതായാണ് വിവരം.

 

ഔദ്യോഗിക പ്രസ്താവനയിൽ, എയർ ഇന്ത്യ വിമാനാപകടം സ്ഥിരീകരിച്ചു, കൂടുതൽ വിശദാംശങ്ങൾക്കായി ഫോളോ അപ്പ് ചെയ്യുന്നുണ്ടെന്ന് അവർ അറിയിച്ചു. “അഹമ്മദാബാദ്-ലണ്ടൻ ഗാറ്റ്വിക്ക് സർവീസ് നടത്തുന്ന ഫ്ലൈറ്റ് AI171, ഒരപകടത്തിൽ പെട്ടു. ഈ നിമിഷം, ഞങ്ങൾ വിശദാംശങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്, കൂടുതൽ അപ്‌ഡേറ്റുകൾ എത്രയും വേഗം പങ്കിടും” -എയർ ഇന്ത്യ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *