NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വെളിച്ചെണ്ണ വില തിളച്ചുപൊങ്ങുന്നു; ലിറ്ററിന് 400 രൂപ കടന്നു മുന്നോട്ട്; വ്യാജന്മാർ വിലസുന്നു;  മായം കണ്ടെത്താനുള്ള വഴികൾ ഇതാണ്..!

പ്രതീകാത്മക ചിത്രം

വിപണിയിൽ സർവകാല റെക്കോഡ് കടന്ന് വെളിച്ചെണ്ണ വില. ഒരു ലിറ്ററിന് വില 400 രൂപ കടന്നു. വിലവർധനക്ക് മുന്നിൽമലയാളിയുടെ അടുക്കള ബജറ്റ് താളം തെറ്റുകയാണ്
വെളിച്ചെണ്ണയുടെ വിലപിടിവിട്ടു ഉയരുകയാണ്. ഒരു വർഷത്തിനിടയുണ്ടായത് ഇരട്ടിയിലധികം വിലവർധവാണ്. പെട്ടുപോകുന്നതാകട്ടെ സാധാരണക്കാരും. ഒരു ലിറ്ററിന് മാർക്കറ്റ് വില 400 മുതൽ 450 രൂപ വരെ ഉയർന്നിട്ടുണ്ട്.
കൊപ്രയുടെ ലഭ്യത കുറവാണ് വിലക്കയറ്റത്തിന് കാരണം. മൈസൂർ, തമിഴ്‌നാട്, പാലക്കാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കൊപ്രയെത്തുന്നത്. പക്ഷേ മില്ലുകളിലേക്ക് എത്തുന്ന ലോഡുകൾ പകുതിയായി കുറഞ്ഞിട്ടുണ്ട്.

വില വർധനവ് വിപണിയെയും സാരമായി ബാധിച്ചു. ചെറിയ വില വ്യത്യാസത്തിൽ മാർക്കറ്റിൽ എത്തുന്ന വ്യാജന്മാരുടെ സാന്നിധ്യം മില്ലുടമകളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.

ഇതിനിടെ കാൻസറിന് കാരണമായേക്കാവുന്ന പാരഫിൻ അടക്കം ചേർത്ത വ്യാജ വെളിച്ചെണ്ണ സംസ്ഥാനത്ത് വ്യാപകമാകുന്നുവെന്ന പരാതികളും ഉണ്ട്. പരിശോധനകൾ ശക്തമാക്കിയതോടെ കടലയെണ്ണയും അയഡിനും ചേർത്ത പുതിയതരം വ്യാജ വെളിച്ചെണ്ണയും വിപണിയിലെത്തി. ഇത്തരം വ്യാജൻ പിടികൂടിയാൽ, പിഴ ചുമത്തുകയല്ലാതെ മറ്റ് കർശന നടപടികൾ ഉണ്ടാവാറില്ലെന്നും പരാതിയുണ്ട്. പരുത്തിക്കുരു എണ്ണ, നിലക്കടല എണ്ണ, പാം ഓയിൽ, ആർജിമോൺ ഓയിൽ, ഹെക്സൈൻ തുടങ്ങിയ ഹാനികരമായ രാസവസ്തുക്കളാണ് വെളിച്ചെണ്ണയിൽ മായമായി ചേർക്കുന്നത്.

എല്ലാ വെളിച്ചെണ്ണ നിർമ്മാതാക്കൾക്കും ബ്രാൻഡ് രജിസ്‌ട്രേഷൻ നിർബന്ധമാക്കാനും ഒരു നിർമ്മാതാവിന് ഒരു ബ്രാൻഡ് മാത്രമേ പുറത്തിറക്കാൻ അനുവാദമുള്ളൂ എന്നും ആരോഗ്യമന്ത്രി വീണാ ജോർജ്ജ്  കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് വ്യാജ വെളിച്ചെണ്ണയുടെ വിൽപ്പന തടയാനും നിയമനടപടി സ്വീകരിക്കാനും സഹായിക്കുമെന്നും മന്ത്രി.

മായം കണ്ടെത്താം

ചില്ലു ഗ്ലാസിൽ വെളിച്ചെണ്ണയെടുത്ത് അര മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കണം.
ശുദ്ധ വെളിച്ചെണ്ണയാണെങ്കിൽ കട്ടയാകും. നിറം ഉണ്ടാകില്ല.
മറ്റ് എണ്ണകൾ കലർന്നിട്ടുണ്ടെങ്കിൽ വേറിട്ടു നിൽക്കും. നിറവ്യത്യാസം കാണിക്കും.
നേരിയ ചുവപ്പു നിറമെങ്കിൽ ആർജിമോൺ ഓയിൽ ചേർത്തിട്ടുണ്ടെന്ന് മനസിലാക്കാം.
വെണ്ണ ചേർക്കുമ്പോൾ നിറം ചുവപ്പായി മാറുന്നുണ്ടെങ്കിൽ കെമിക്കൽ/പെട്രോളിയം മായത്തിനും തെളിവാണ്.
കെമിക്കൽ ട്രീറ്റുമെന്റുകളും രാസമാലിന്യങ്ങളും തിരിച്ചറിയണമെങ്കിൽ വിശദമായ ലാബ് പരിശോധന വേണം.

Leave a Reply

Your email address will not be published. Required fields are marked *