സ്കൂളുകൾ ജൂൺ 2ന് തുറക്കും; കാലാവസ്ഥ നിരീക്ഷിച്ചതിന് ശേഷം മാറ്റം വേണമോയെന്ന് തീരുമാനിക്കുമെന്ന് വിദ്യാഭ്യസ മന്ത്രി


സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കാനാണ് നിലവിലെ തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.
എന്നാൽ ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിന് ശേഷം ദിവസത്തിൽ മാറ്റം വേണോ എന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
അടുത്ത അധ്യയന വർഷത്തെ വിദ്യഭ്യസ കലണ്ടറിലെ ഹൈസ്കൂൾ സമയക്രമത്തിലെ മാറ്റത്തെ സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു.
ചില അധ്യാപക സംഘടനകൾ തന്നെയാണ് ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്ന് മന്ത്രി പറഞ്ഞു. ആദ്യം 110 ദിവസവും, 120 ദിവസവും തീരുമാനിച്ചിരുന്നു. അത് കൂടിപ്പോയെന്ന് പറഞ്ഞ് കേസ് കൊടുത്തത് അധ്യാപക സംഘടനകൾ ആണ്. പിന്നാലെ കോടതിയുടെ നിർദേശപ്രകാരം കമ്മീഷനെ നിയോഗിക്കുകയായിരുന്നു.
ആ കമ്മീഷൻ നൽകിയ റിപ്പോർട്ട് ആണ് ഇന്നലെ പൊതു വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്. ആ റിപ്പോർട്ടിൽ പറഞ്ഞതനുസരിച്ച് സമയം ക്രമീകരിക്കാനാണ് രാവിലെയും വൈകിട്ടും അധിക സമയം കുട്ടിച്ചേർത്തതെന്നും മന്ത്രി പറഞ്ഞു.
പുതിയ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ ഇന്നാണ് സർക്കാർ പുറത്തിറക്കിയത്. പുതിയ കലണ്ടർ അനുസരിച്ച് ഹൈസ്കൂൾ ക്ലാസുകൾ അരമണിക്കൂർ കൂട്ടും. യുപിയിൽ രണ്ട് ശനിയാഴ്ചയും ഹൈസ്കൂളിന് ആറ് ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കാനാണ് തീരുമാനം. അതേസമയം എൽപി ക്ലാസുകൾക്ക് ഇത്തവണ അധിക ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കില്ല. അരമണിക്കൂർ അധിക ക്ലാസ് വെള്ളിയാഴ്ച ഉണ്ടാവില്ല.