പണം കിട്ടിയെന്ന് ഉറപ്പാക്കാതെ സാധനം നൽകരുത്; വ്യാജ യുപിഐ ആപ്പുകൾ സൂക്ഷിക്കുക; കേരള പോലീസിന്റെ ജാഗ്രതാ നിർദ്ദേശം..!


വ്യാജ യുപിഐ പേയ്മെന്റ് ആപ്പുകൾക്കെതിരെ കേരള പോലീസ് വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളുടെ വ്യാജ പതിപ്പുകൾ ഉപയോഗിച്ച് തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സാധനങ്ങൾ വാങ്ങിയ ശേഷം വ്യാജ ആപ്പുകൾ വഴി പണം അയച്ചതായി വ്യാപാരികളെ വിശ്വസിപ്പിച്ച് തട്ടിപ്പുകാർ രക്ഷപ്പെടുന്നതാണ് പുതിയ രീതി. തിരക്കിനിടയിൽ പലപ്പോഴും അക്കൗണ്ടിൽ പണം എത്തിയെന്ന് ഉറപ്പിക്കാൻ വ്യാപാരികൾക്ക് കഴിഞ്ഞെന്ന് വരില്ല.
വ്യാജ ആപ്പുകൾ യഥാർത്ഥ ആപ്പുകൾക്ക് സമാനമായി പ്രവർത്തിക്കുന്നതിനാൽ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പ്രയാസമാണ്. സംശയം തോന്നിയാൽ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തട്ടിപ്പുകാർ വ്യാപാരികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും.
ഡിജിറ്റൽ പേയ്മെന്റ് വഴി പണം സ്വീകരിക്കുമ്പോൾ, തുക അക്കൗണ്ടിൽ എത്തിച്ചേർന്നു എന്ന് ഉറപ്പുവരുത്തണമെന്ന് കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യാപാരികളെ ഓർമ്മിപ്പിച്ചു. അല്ലാത്തപക്ഷം വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നൽകി.