മൂന്നിയൂർ കളിയാട്ടക്കാവ് കളിയാട്ട മഹോത്സവത്തിന് ഇന്ന് കാപ്പൊലി; 30ന് കോഴിക്കളിയാട്ടം..!

file

മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് സമാപ്തി കുറിക്കുന്ന മൂന്നിയൂർ കളിയാട്ടക്കാവ് കളിയാട്ട മഹോത്സവത്തിന് ഇന്ന് (മേയ് 19) കാപ്പൊലിക്കും. ഈ വർഷത്തെ കളിയാട്ടം മേയ് 30 വെള്ളിയാഴ്ചയാണ് നടക്കുക.
17 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിന് മുന്നോടിയായുള്ള കാപ്പൊലിക്കൽ ചടങ്ങുകൾ ഇന്ന് വൈകിട്ട് ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പാറേക്കാവ് ചാത്തൻ ക്ലാരി ക്ഷേത്രത്തിൽ നടക്കും.
പതിനായിരങ്ങൾ ഒഴുകിയെത്തുന്ന കോഴിക്കളിയാട്ടം ഈ ഉത്സവത്തിലെ പ്രധാന ആകർഷണമാണ്. ഇടവമാസത്തിലെ വെള്ളിയാഴ്ചയാണ് സാധാരണയായി കളിയാട്ടം നടക്കാറുള്ളത്. കോഴിക്കളിയാട്ടത്തിന് മുന്നോടിയായി കുതിരക്കല്യാണം നടക്കും.
ദേശക്കാരും ബന്ധുക്കളും ഒത്തുചേർന്ന് കൊട്ടിപ്പാടുന്ന ചടങ്ങാണിത്. കളിയാട്ടക്കാവിലേക്ക് പുറപ്പെടുന്നതിന് മുൻപായി വിവിധ ദേശങ്ങളിലെ പൊയ്ക്കുതിര സംഘങ്ങൾ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ മഖാമിൽ സന്ദർശനം നടത്തും. കോഴിക്കളിയാട്ടത്തിനായി പുറപ്പെടുന്ന വിവരം മമ്പുറം തങ്ങളെ അറിയിക്കുന്നത് പാരമ്പര്യമായി തുടരുന്ന ഒരു ആചാരമാണ്.
മഖാമിലെത്തിയ സംഘം അവിടെ കാണിക്ക സമർപ്പിക്കും. തുടർന്ന്, പൊയ്ക്കുതിരകൾ കാവിലേക്ക് പ്രവേശിക്കുകയും കാവിലമ്മയുടെ അപദാനങ്ങൾ പാടി നൃത്തം ചെയ്യുകയും ചെയ്യുന്നത് കോഴിക്കളിയാട്ടത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
കളിയാട്ടത്തോടനുബന്ധിച്ച് വലിയ കാർഷിക ചന്തയും ഇവിടെ സജീവമാകും. തലപ്പാറ മുതൽ കളിയാട്ടമുക്ക് വരെ വഴിയോരങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലും പാടത്തുമാണ് ചന്തകൾ നടക്കുന്നത്.
ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള എല്ലാവിധ സാധനങ്ങളും ഇവിടെ ലഭ്യമാണെന്ന് പഴമക്കാർ പറയുന്നു. കാലവർഷം ആരംഭിക്കുന്ന സമയമായതിനാൽ വിവിധതരം വിത്തുകൾ, പണിയായുധങ്ങൾ തുടങ്ങിയവ വാങ്ങാനും ഇത്തവണ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
സാഹോദര്യവും മൈത്രിയും വിളിച്ചോതുന്ന മൂന്നിയൂർ കളിയാട്ടക്കാവ് കളിയാട്ട മഹോത്സവം മലബാറിലെ പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണ്. ഈ വർഷത്തെ ഉത്സവവും പതിനായിരങ്ങൾക്ക് ആവേശം പകരുമെന്ന് പ്രതീക്ഷിക്കുന്നു.