NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സ്‌കൂളുകളിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും പൊളിക്കും; വൃക്ഷശാഖകള്‍ മുറിച്ചുമാറ്റും; സ്‌കൂള്‍ തുറപ്പിന് ഒരുങ്ങി കേരളം; കര്‍ശന നിര്‍ദേശവുമായി മന്ത്രി

സംസ്ഥാനത്തെ സ്‌കൂള്‍ കോമ്പൗണ്ടുകളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്‌കൂള്‍ തുറക്കും മുന്‍പ് പൊളിച്ചുനീക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച സ്‌കൂളുകളില്‍ പോലും, വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ സാങ്കേതിക തടസങ്ങള്‍ മൂലം പൊളിക്കാനാവാതെ അപകടാവസ്ഥയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

പഴയ കെട്ടിടങ്ങള്‍ അടുത്തുണ്ടെന്ന കാരണത്താല്‍, പുതിയ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് കിട്ടാത്ത സാഹചര്യവും നിലവിലുണ്ട്. ദുരന്തനിവാരണ നിയമപ്രകാരം ഇതിന് ആവശ്യമായ നിര്‍ദേശം ജില്ലാ കളക്ടര്‍മാര്‍ നല്‍കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുകയും ചെയ്യും.

 

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിഎം ബി രാജേഷിന്റെയും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുനിന്ന് ഉള്‍പ്പെടെ സ്‌കൂള്‍ കെട്ടിടങ്ങളുടെ മുകളിലേക്ക് വളര്‍ന്നുനില്‍ക്കുന്ന വൃക്ഷശാഖകള്‍ മുറിച്ചുമാറ്റുന്നുവെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു. സ്‌കൂള്‍ പരിസരത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങളും മുറിച്ചുമാറ്റും. പൂര്‍ണമായും സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നുവെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കാനും നിര്‍ദേശിച്ചു.

 

സുരക്ഷാ ഭീഷണി ഇല്ലാത്തതും അപകട സാധ്യതയില്ലാത്തതുമായ സ്‌കൂളുകള്‍ക്ക് പ്രൊവിഷണല്‍ ഫിറ്റ്‌നസ് നല്‍കി അധ്യയനത്തിന് അവസരമൊരുക്കാനും യോഗത്തില്‍ തീരുമാനിച്ചു. വിദ്യാര്‍ഥികളുടെ ജീവന് ഭീഷണിയുള്ള ഘടകങ്ങള്‍ ഒഴികെയുള്ള സാങ്കേതിക കാരണങ്ങളാല്‍ ഫിറ്റ്‌നസ് ലഭിക്കാത്ത സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കാണ് നിബന്ധനകള്‍ക്ക് വിധേയമായി ഈ അധ്യയന വര്‍ഷത്തേക്ക് ഈ അനുവാദം നല്‍കുക.

 

ചുമരുകളുടെ പ്ലാസ്റ്ററിംഗ്, ഫ്‌ലോറിംഗിലെ ചെറിയ പ്രശ്‌നങ്ങള്‍, ക്ലാസ് മുറിയുടെ വലുപ്പത്തിലെ അപാകതകള്‍, ഫാള്‍സ് സീലിംഗ് ഇല്ലാത്തത് തുടങ്ങിയ സാങ്കേതിക കാരണങ്ങളാല്‍ ഫിറ്റ്‌നസ് ലഭിക്കാത്ത സ്‌കൂളുകള്‍ക്കാണ് ഈ തീരുമാനം സഹായകരമാവുക. ഒരു വര്‍ഷത്തിനകം ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് കെട്ടിട നിര്‍മ്മാണം ക്രമവത്കരിക്കാമെന്ന ഉറപ്പിന്മേല്‍, കഴിഞ്ഞ അധ്യയന വര്‍ഷം 140 സ്‌കൂളുകള്‍ക്കായിരുന്നു ഫിറ്റ്‌നസ് നല്‍കിയത്.

 

ഇതില്‍ 44 സ്‌കൂളുകള്‍ നിര്‍മ്മാണം ക്രമവത്കരിക്കുകയും, 22 സ്‌കൂളുകള്‍ അപേക്ഷ നല്‍കി ക്രമവത്കരണത്തിന്റെ നടപടിക്രമങ്ങളിലുമാണ്. ഈ സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് അനുവദിക്കാവുന്നതാണ്. കഴിഞ്ഞ വര്‍ഷം നിബന്ധനകള്‍ക്ക് വിധേയമായി ഫിറ്റ്‌നസ് ലഭിക്കുകയും, ക്രമവത്കരണത്തിന് അപേക്ഷിക്കുക പോലും ചെയ്യാത്ത 74 സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് നല്‍കുന്ന കാര്യം പരിഗണിക്കേണ്ടെന്ന് യോഗം തീരുമാനിച്ചു. ഈ സ്‌കൂളുകള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *