NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോഴിക്കോട് ബസ് സ്റ്റാന്റിലുണ്ടായ തീപിടുത്തം; ജില്ലയിലെ മുഴുവന്‍ ഫയര്‍ യൂണിറ്റുകളും സ്ഥലത്തെത്താന്‍ കളക്ടറുടെ നിര്‍ദ്ദേശം

കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്റിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു. വൈകുന്നേരം 5.30 ഓടെയാണ് അഗ്നിബാധയുണ്ടായത്. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസ് യൂണിറ്റുകളെത്തിയെങ്കിലും അഗ്നിബാധ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല.

ഒന്നര മണിക്കൂറിലേറെയായി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പൊലീസും അഗ്നിശമന സേനയും തുടരുകയാണ്. അപകടത്തില്‍ ആളപായമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുതിയ ബസ് സ്റ്റാന്‍ഡിലെ ടെക്‌സ്‌റ്റൈല്‍സ് ഷോപ്പിലാണ് വന്‍ തീപിടുത്തമുണ്ടായത്. ആളുകള്‍ അകത്തില്ലെന്നു ഉറപ്പാക്കിയിട്ടുണ്ടെന്നും ആര്‍ക്കും അപകടം ഇല്ലെന്നും കളക്ടര്‍ അറിയിച്ചു.

 

ജില്ലയിലെ മുഴുവന്‍ ഫയര്‍ യൂണിറ്റുകളും സ്ഥലത്തെത്താന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍പോര്‍ട്ട് യൂണിറ്റുകള്‍ പുറപ്പെട്ടുവെന്നും കളക്ടര്‍ വ്യക്തമാക്കി. കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന ഷോപ്പിലാണ് തീ പിടുത്തമുണ്ടായത്.
ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന് ഫയര്‍ സ്റ്റേഷനില്‍ നിന്നാണ് കൂടുതല്‍ ഫയര്‍ഫോഴ്‌സ് സംഘത്തെ എത്തിച്ചത്.

 

ടെക്‌സ്‌റ്റൈല്‍സ് ഷോപ്പില്‍ നിന്ന് മറ്റ് കടകളിലേക്ക് തീ പടരുകയായിരുന്നു. ബസ് സ്റ്റാന്റിന്റെ ഉള്‍വശത്തേക്കും തീ പടരുന്നുണ്ട്. സ്റ്റാന്റിലെ ബസുകള്‍ മുഴുവന്‍ മാറ്റി. ഞായറാഴ്ച വൈകുന്നേരമായതിനാല്‍ നഗരത്തില്‍ വലിയ ജനത്തിരക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *