‘പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്, കേസെടുത്താലും പ്രശ്നമില്ല’; ഗുരുതര വെളിപ്പെടുത്തലുമായി ജി സുധാകരൻ


തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻറെ ഗുരുതര വെളിപ്പെടുത്തൽ. ഇതിൻറെ പേരിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താലും പ്രശ്നമില്ലെന്ന് സുധാകരൻ പറഞ്ഞു.
എൻജിഒ യൂണിയൻ പൂർവകാല നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യവെയാണ് സുധാകരന്റെ വെളിപ്പെടുത്തൽ.
1989 ഇൽ കെവി ദേവദാസ് ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ പോസ്റ്റൽ ബാലറ്റ് ശേഖരിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടുവന്നു. താൻ ആയിരുന്നു അന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി.
സർവീസ് സംഘടന അംഗങ്ങളുടെ പോസ്റ്റൽ ബാലറ്റുകളിൽ 15 ശതമാനം മറിച്ചു ചെയ്തു. ഞങ്ങളുടെ പക്കൽ തന്ന പോസ്റ്റൽ ബാലറ്റുകൾ വെരിഫൈ ചെയ്ത് തിരുത്തിയിട്ടുണ്ട് എന്നായിരുന്നു സുധാകരൻ പറഞ്ഞത്. ഒട്ടിച്ച് തന്നാൽ അറിയില്ലെന്ന് കരുതണ്ട. ഞങ്ങൾ അത് പൊട്ടിക്കും. ഇലക്ഷൻ പോസ്റ്റൽ ബാലറ്റ് കിട്ടുമ്പോൾ മറ്റാർക്കും ചെയ്യരുതെന്നും ജി സുധാകരൻ എൻജിഒ യൂണിയൻ സമ്മേളനത്തിൽ പറഞ്ഞു.
സർവീസ് സംഘടനകളുടെ വോട്ട് പലപ്പോഴും പൂർണമായി പാർട്ടി സ്ഥാനാർഥിക്ക് ലഭിക്കാറില്ല എന്നാണ് ജി സുധാകരൻ പറഞ്ഞു വന്നത്. 36 വർഷം മുൻപ് നടന്ന തിരഞ്ഞെടുപ്പിനെ കുറിച്ചാണ് വെളിപ്പെടുത്തൽ. വോട്ടെടുപ്പിൽ പോസ്റ്റൽ ബാലറ്റുകൾ തിരുത്തിയിട്ടുണ്ടെന്ന സുധാകരൻറെ വെളിപ്പെടുതൽ നിയമ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ്.