NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അടിയന്തര സ്വഭാവമുള്ള ചികിത്സക്ക് മെഡിസെപ്പ് ആനുകൂല്യം നിഷേധിക്കാനാവില്ല:  ജില്ലാ ഉപഭോക്തൃ കമ്മീഷൻ, പരപ്പനങ്ങാടി സ്വദേശിക്ക് 67,817 രൂപ നൽകാൻ വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷൻ.

 

അടിയന്തര സ്വഭാവമുള്ള ചികിത്സക്ക് മെഡിസെപ്പ് ആനുകൂല്യം നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ.

പരപ്പനങ്ങാടി നെടുവയിലെ ശ്രീമന്ദിരം വീട്ടിൽ ഉണ്ണിയുടെ പരാതിയിൽ ചികിത്സാ ചെലവ് 52,817 രൂപയും നഷ്ട പരിഹാരമായി 10,000 രൂപയും കോടതി ചെലവായി 5,000 രൂപയും മെഡിസെപ് ഇൻഷ്വറൻസ് പദ്ധതി പ്രകാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു.

മെഡിസെപ്പ് പദ്ധതി പ്രകാരം ചികിത്സക്ക് മുമ്പേ ഇൻഷ്വറൻസ് കമ്പനിയുടെ അനുമതി വാങ്ങിയിരിക്കണമെന്നും മെഡിസെപ് പദ്ധതി ക്യാഷ്‌ലെസ് പദ്ധതിയാണെന്നും മുൻകൂർ അനുമതിയില്ലാതെ ചികിത്സ നടത്തിയതിനാൽ ആനുകൂല്യം നൽകാനാകില്ലെന്നുമറിയിച്ചതിനെ തുടർന്നാണ് ഉപഭോക്തൃ കമ്മീഷനിൽ പരാതി ബോധിച്ചത്.

അപകടമോ അടിയന്തിര സ്വഭാവമോ ഉള്ള ചികിത്സകൾക്ക് മാത്രമേ മെഡിസെപ് പദ്ധതി പ്രകാരം ആനുകൂല്യം നൽകുവെന്നും പരാതിക്കാരന്റെ ചികിത്സാ അത്തരത്തിലുള്ളതല്ലെന്നും പറഞ്ഞാണ് ആനുകൂല്യം നിഷേധിച്ചത്. എന്നാൽ അടിയന്തിര സ്വഭാവമുള്ള സാഹചര്യങ്ങളിൽ ഇൻഷ്വറൻസ് പാനലിൽ പെടാത്ത ആശുപത്രികളിലെ ചികിത്സക്കും അംഗീകൃത നിരക്കിൽ ചികിത്സാ ചെലവ് കൊടുക്കാൻ വ്യവസ്ഥയുണ്ടെന്നിരിക്കെ പരാതിക്കാരന് ചികിത്സാ ചെലവ് നൽകാൻ കമ്പനിക്ക് ബാധ്യതയുണ്ടെന്ന് കമ്മീഷൻ വിധിച്ചു.

ജീവനക്കാരിൽ നിന്നും പ്രീമിയം സ്വീകരിക്കുകയും ശേഷം ഇൻഷ്വറൻസ് പദ്ധതിയുടെ ലക്ഷ്യത്തിന് അനുയോജ്യമല്ലാത്ത വിധം വ്യവസ്ഥകളെ വ്യാഖ്യാനിക്കുകയും ചെയ്യുന്നത് അനുചിതമാണ്. പരാതിക്കാരനെ അടിയന്തിര സാഹചര്യത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പരാതിക്കാരന്റെ രോഗത്തിനുള്ള ചികിത്സ നൽകാനുള്ള സംവിധനം ആശുപത്രിയിൽ ഉണ്ടായിരുന്നെങ്കിലും മെഡിസെപ് പദ്ധതിയുടെ പാനലിൽ ആശുപത്രിയിലെ ഈ പ്രത്യേക ചികിത്സാ വിഭാഗം ഉൾപ്പെട്ടിരുന്നില്ല. അതിനാൽ ചികിത്സാ ചെലവ് പരാതിക്കാരൻ വഹിക്കേണ്ടി വന്നു. തുടർന്നാണ് മെഡിസെപ് പദ്ധതിപ്രകാരം ആനുകൂല്യത്തിനായി ഇൻഷ്വറൻസ് കമ്പനിയെ സമീപിച്ചത്.

പരാതിക്കാരന്റെ ചികിത്സ അടിയന്തിര സ്വഭാവമുള്ളതായിരുന്നുവെന്നു കാണിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതമാണ് കമ്പനിയെ സമീപിച്ചത്. എന്നാൽ ഇൻഷ്വറൻസ് കമ്പനി അപേക്ഷ തള്ളുകയായിരുന്നു. തുടർന്നാണ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

ജീവനക്കാരുടെ ചികിത്സ മുൻനിർത്തിയുള്ള ഒരു പദ്ധതിയിലെ വ്യവസ്ഥയെ ദുർവ്യാഖ്യാനം ചെയ്യുന്നതാണ് ഇൻഷ്വറൻസ് കമ്പനിയുടേത്. അതിനാൽ ഉത്തരവ് കൈപ്പറ്റി ഒരു മാസത്തിനകം വിധിപ്രകാരമുള്ള സംഖ്യ നൽകണമെന്നും വീഴ്ച വന്നാൽ ഒമ്പത് ശതമാനം പലിശ നൽകണമെന്നും കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!