ഒരു മാസത്തിനിടെ പൊലിഞ്ഞത് ഏഴ് ജീവനുകള്‍; അഞ്ച് വര്‍ഷത്തിനിടെ മരിച്ചത് 103 പേര്‍; ആശങ്കയായി പേവിഷബാധ..!


ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചവര്‍ ഏഴ്. ഇതില്‍ മൂന്ന് പേര്‍ കുട്ടികളാണ്. ഏപ്രില്‍ 9നാണ് പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മി (13) പേവിഷബാധയേറ്റ് മരിച്ചത്. വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ ഉണ്ടായി. ഏപ്രില്‍ 29ന് മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിയ ഫാരിസും (6) മരിച്ചു.
ഡിസംബറില്‍ നായയുടെ കടിയേറ്റ് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ നിന്ന് കുത്തിവയ്‌പ്പെടുത്ത ഭാഗ്യലക്ഷ്മിയുടെ മരണം മൂന്ന് മാസത്തിന് ശേഷമായിരുന്നു.
കുട്ടി അവസാനം ചികിത്സയില്‍ കഴിഞ്ഞ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകൾ സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധിച്ചപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
ഈ വര്‍ഷം സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത് 14 പേരെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
ഇതില്‍ ആറു മരണങ്ങളും ഏപ്രിലിലാണ്. അഞ്ച് വര്‍ഷത്തിനിടെ 103 പേര്‍ക്കാണ് പേവിഷബാധ മൂലം ജീവന്‍ നഷ്ടമായത്.
വാക്‌സിന്‍ എടുത്തിട്ടും ജീവന്‍ പൊലിഞ്ഞത് 21 പേര്‍ക്കാണ്. അതേസമയം, വാക്സിന്‍ സുരക്ഷിതമെന്നാണ് ആരോഗ്യവകുപ്പിന്റെ പറയുന്നത്.