NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

10 സെക്കന്റിനുള്ളിൽ ടോൾ കടന്ന് പോകണം, 100 മീറ്ററിൽ കൂടുതൽ വാഹനങ്ങളുടെ നിര പാടില്ല : പാലിയേക്കര ടോൾ പിരിവിൽ  ഹൈക്കോടതി ഇടപെടൽ

1 min read

കൊച്ചി : പാലിയേക്കരയിലെ ടോൾ പിരിവിൽ ഇടപെട്ട് ഹൈക്കോടതി. വാഹനങ്ങൾ 10 സെക്കന്റിനുള്ളിൽ ടോൾ കടന്ന് പോകണമെന്നും 100 മീറ്ററിൽ കൂടുതൽ വാഹനങ്ങളുടെ നിര പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

 

അങ്ങനെ വന്നാൽ ടോൾ ഒഴിവാക്കി ആ വരിയിലെ വാഹനങ്ങളെ കടത്തിവിടണമെന്നാണ് കോടതിയുടെ നിര്‍ദേശം. പൊതുപ്രവർത്തകൻ ഒ ആര്‍ ജെനീഷ് സമർപ്പിച്ച പൊതു താത്പര്യം ഹർജിയിലാണ് കോടതി ഇടപെടൽ. ഹർജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും.

 

നിർദേശങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ദേശീയ പാത അതോറിറ്റി ഉറപ്പാക്കണമെന്നും ഇല്ലെങ്കിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നതിൽ സത്യവാങ്മൂലം നൽകണമെന്നും കോടതി അറിയിച്ചു. സുഗമമായ ഗതാഗത സൗകര്യം ഉറപ്പുവരുത്തുന്നതു വരെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് താത്കാലികമായി നിർത്തിവച്ച് കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലാ കളക്ടർ അര്‍ജുൻ പാണ്ഡ്യൻ ഉത്തരവിട്ടിരുന്നു.

 

യാത്രക്കാർക്ക് അനുബന്ധ സൗകര്യങ്ങൾ ഒരുക്കാതെ ടോൾ പിരിക്കുന്നതിലാണ് ജില്ലാ കളക്ടറുടെ കടുത്ത നടപടി. ദേശീയ പാത 544ൽ ഇടപ്പള്ളി -മണ്ണൂത്തി മേഖലയിൽ നാല് സ്ഥലങ്ങളിൽ മേൽപ്പാല നിർമ്മാണം നടക്കുന്നുണ്ടായിരുന്നു.

 

സർവീസ് റോഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സുഗമാകാത്തതിനെ തുടർന്ന് വലിയ ഗതാഗതക്കുരുക്കാണ് ഇവിടങ്ങളിൽ ഉണ്ടായത്. ഇതേ തുടര്‍ന്നാണ് കളക്ടറുടെ നടപടി. ഗതാഗതസൗകര്യം ഉറപ്പായതിനുശേഷം ഉത്തരവ് പുന:പരിശോധിക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

 

അടിപ്പാത നിർമ്മാണ മേഖലയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പൊലീസിന്‍റെ സഹായത്തോടെ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിന് നാഷണൽ ഹൈവേ അതോറിറ്റിക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!