തിരൂർ ഗൾഫ് മാർക്കറ്റിൽ വൻ തീപിടിത്തം

പ്രതീകാത്മക ചിത്രം

മലപ്പുറം: തിരൂർ ഗൾഫ് മാർക്കറ്റിൽ ഉച്ചയോടെ ഉണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് മൊബൈൽ ഷോപ്പുകൾ പൂർണമായി കത്തിനശിച്ചു. സമീപത്തെ അഞ്ച് കടകൾ ഭാഗികമായി കത്തിനശിച്ചു. തീ ഇപ്പോൾ നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു.
തിരൂർ, താനൂർ, പൊന്നാനി എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് ഫയർഫോഴ്സ് യൂണിറ്റുകളും നാട്ടുകാരും കച്ചവടക്കാരും ചേർന്നാണ് തീ അണയ്ക്കാൻ ശ്രമിച്ചത്. പ്രാഥമിക നിർദേശമനുസരിച്ച്, ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.
ഗൾഫ് മാർക്കറ്റ് തിരൂരിലെ പ്രധാന മൊബൈൽ ഷോപ്പുകളുടെ കേന്ദ്രമാണ്. എന്നാൽ, വെള്ളിയാഴ്ചകളിൽ കടകൾ പതിവായി തുറന്ന് പ്രവർത്തിക്കാറില്ല. ഈ സാഹചര്യത്തിലാണ് ഉച്ചയ്ക്ക് തീപിടിത്തം ഉണ്ടായത്.
നാശനഷ്ടത്തിന്റെ കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും, തീ നിയന്ത്രണത്തിലായതിനാൽ കൂടുതൽ നാശം ഒഴിവായി.