വാഫ് സമ്മർ ഫുട്ബോൾ ക്യാമ്പ് ഉത്ഘാടനവും ജഴ്‌സി വിതരണവും സംഘടിപ്പിച്ചു


പരപ്പനങ്ങാടി: പരപ്പനങ്ങാടി കേന്ദ്രമായി പ്രവർത്തിക്കുന്ന വാക്കേഴ്സ് അക്കാദമി ഫോർ ഫുട്ബോൾ (വാഫ് )സംഘടിപ്പിക്കുന്ന അവധിക്കാല സമ്മർ ഫുട്ബോൾ ക്യാമ്പിന് തുടക്കമായി. ചടങ്ങിനോടനുബന്ധിച്ച് ഇന്റർ അക്കാദമി ഫുട്ബോൾ ചാമ്പ്യൻഷിപ്പും ജഴ്‌സി വിതരണവും സംഘടിപ്പിച്ചു. ടി.എം.ജി. കോളേജ് കായിക വിഭാഗം അസ്സോസ്സിയേറ്റ് പ്രൊഫസർ ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
പാലത്തിങ്ങൽ, കീരനല്ലൂർ ഇൻസൈറ്റ് ഗ്രൗണ്ടിൽ വച്ച് വെള്ളിയാഴ്ച നടന്ന പരിപാടിയിൽ വാഫ് കീരനല്ലൂർ ക്യാമ്പിലെ കുട്ടികൾക്കുള്ള ജഴ്‌സി വിതരണ ഉത്ഘാടനം വാഫ് രക്ഷാകർത്തൃ പ്രതിനിധി സൈതലവി നിർവഹിച്ചു. അണ്ടർ 14 മലപ്പുറം ടീമിലും എം.എസ്.പി. സ്കൂൾ ടീമിലും സെലക്ഷൻ ലഭിച്ച ഹരികിരൺ ആദ്യ ജഴ്‌സി ഏറ്റുവാങ്ങി.
ഇതിന്റെ ഉത്ഘാടനത്തിന്റെ ഭാഗമയാണ് മൂന്നിടങ്ങളിലെയും കുട്ടികളെ പങ്കെടുപ്പിച്ചു ഇന്റർ അക്കാദമി ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. നാലാം തവണയാണ് വാഫ് ഇത്തരത്തിൽ കുട്ടികൾക്കായി വിപുലമായ രീതിയിൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
എഴുപതോളം വരുന്ന കുട്ടികളെ അണ്ടർ 10, അണ്ടർ 12, എബൗ 13 എന്നീ മൂന്ന് വിഭാഗങ്ങളിലായി എട്ടു ടീമുകൾ ആക്കി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്. മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് സമ്മാനവിതരണവും നടത്തി. വാഫ് പരിശീലകനായ അനൂപ് മത്സരങ്ങൾക്ക് നേതൃത്വം നൽകി.
ചടങ്ങിന് വാഫ് ഫൗണ്ടർ ഡയറക്ടറും മുൻ കേരള പോലീസ് താരവുമായ വിനോദ് കെ ടി അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ അസീസ് കൂളത്ത്, ഇൻസൈറ്റ് ആർട്സ് സ്പോർട്സ് ആൻഡ് കൾച്ചറൽ ക്ലബ്ബ് പ്രസിഡന്റ് അഷറഫ് വമ്പിശേരി, സെക്രട്ടറി അലവി മച്ചിഞ്ചേരി, വോയിസ് ഓഫ് കൊട്ടന്തല പ്രസിഡന്റ് റഫീഖ് ചപ്പങ്ങത്തിൽ എന്നിവർ സംസാരിച്ചു. വാഫ് ഡയറക്ടർ വിബീഷ് വിക്രം സ്വാഗതവും ടെക്നിക്കൽ ഡയറക്ടർ ലിതോഷ് കുമാർ നന്ദിയും പറഞ്ഞു.