തദ്ദേശ സ്ഥാപനങ്ങളിൽ ഡിസംബറിൽ പുതിയ ഭരണസമിതി നിലവിൽ വരും; ഡിസംബർ രണ്ടാം വാരത്തിനകം തിരഞ്ഞെടുപ്പ്
1 min read

സംസ്ഥാനത്തെ 1199 തദ്ദേശ സ്ഥാപനങ്ങളിൽ ഡിസംബർ മൂന്നാം വാരം പുതിയ ഭരണസമിതി നിലവിൽ വരും. ഡിസംബർ 21-നാണ് നിലവിലെ ഭരണ സമിതികളുടെ കാലാവധി പൂർത്തിയാകുന്നത്. അതിനകം പുതിയ സമിതി ചുമതലയേൽക്കണം. ഡിസംബർ രണ്ടാം വാരത്തിനകം തിരഞ്ഞെടുപ്പ് നടത്തും.
കോവിഡ്കാല നിയന്ത്രണം കാരണം 2020-ൽ തിരഞ്ഞെടുപ്പ് വൈകിയിരുന്നു. അന്ന് മൂന്നു ഘട്ടങ്ങളിലായാണ് നടന്നത്. അതിനുമുമ്പുള്ള വർഷങ്ങളിൽ രണ്ടുഘട്ടങ്ങളിലും. ഇത്തവണയും രണ്ടുഘട്ടങ്ങളിലാകും പരിഗണിക്കുക.
വാർഡ് വിഭജനം അന്തിമഘട്ടത്തിലേക്ക് കടന്നു. ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡ് വിഭജനം എപ്രിൽ അവസാനത്തോടെ പൂർത്തിയാക്കാനാണ് ഡിലിമിറ്റേഷൻ കമ്മിഷന്റെ ശ്രമം.
നവംബർ 18-ന് പുറത്തിറക്കിയ കരട് വിജ്ഞാപനത്തെപ്പറ്റിയുള്ള പരാതി ഡിലിമിറ്റേഷൻ കമ്മിഷൻ തീർത്തുവരുകയാണ്. 23-ന് തിരുവനന്തപുരത്തുനടക്കുന്ന സിറ്റിങ്ങിലും ഇതുസംബന്ധിച്ച ചർച്ചയുണ്ടാകും. തുടർന്നുള്ള സിറ്റിങ്ങുകളിൽ വാർഡ് വിഭജനത്തിന്റെ അന്തിമവിജ്ഞാപനത്തിനുള്ള നടപടികളിലേക്ക് കടക്കും. വിജ്ഞാപനമായാൽ സംവരണ മണ്ഡലങ്ങൾ പ്രഖ്യാപിക്കണം.
അടുത്ത രണ്ടുഘട്ടങ്ങളിലായി 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാപഞ്ചായത്തുകൾ എന്നിവയുടെ വാർഡ് വിഭജനത്തിന് കരട് പുറത്തിറക്കും. ഇതിലെ പരാതി തീർപ്പാക്കി 1200 തദ്ദേശസ്ഥാപനങ്ങളിലെയും വാർഡുവിഭജനം ജൂണിൽ പൂർത്തിയാകും. ഇതിനുശേഷം വോട്ടർപട്ടിക പുതുക്കും.
ഗ്രാമപ്പഞ്ചായത്തുകൾ (1375 വാർഡ്), മുനിസിപ്പാലിറ്റികൾ (128), കോർപ്പറേഷനുകൾ (ഏഴ്) എന്നിവിടങ്ങളിലായി പുതിയതായി രൂപവത്കരിച്ച 1510 വാർഡുകളുടെ വിജ്ഞാപനമാണ് ഈമാസം ഉണ്ടാവുക.
2027 വരെ ഭരണസമിതി കാലാവധിയുള്ള മട്ടന്നൂർ നഗരസഭയിൽ പിന്നീടേ തിരഞ്ഞെടുപ്പുണ്ടാകൂ.