മദ്‌റസകള്‍ നാളെ തുറക്കും; പഠനത്തിനെത്തുന്നത് 12 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍


ചേളാരി: റമദാൻ അവധി കഴിഞ്ഞ് മദ്റസകൾ നാളെ തുറക്കും. 12 ലക്ഷത്തോളം വിദ്യാർത്ഥികൾ പഠനത്തിനായി നാളെ മദ്റസകളിലെത്തും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രവർത്തിക്കുന്ന 10948 മദ്റസകളാണ് നാളെ തുറന്നു പ്രവർത്തിക്കുക.
ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന മദ്റസകളാണ് നാളെ തുറക്കുന്നത്. സ്കൂൾ കലണ്ടർ പ്രകാരമുള്ള മദ്റസകൾ ജൂൺ 2 നാണ് തുറക്കുക. ഒട്ടേറെ പ്രത്യേകതകളോടെയാണ് പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്.
ഒന്നു മുതൽ നാല് വരെ ക്ലാസുകളിലെ പരിഷ്കരിച്ച പാഠപുസ്കങ്ങളുമായാണ് കുട്ടികൾ പഠനത്തിനെത്തുന്നത്. പഠനാരംഭത്തിന്റെ ഭാഗമായി ‘മിഹ്റജാനുൽ ബിദായ’ എന്ന പേരിൽ മദ്റസകളിൽ വിപുലമായ പ്രവേശനോത്സവങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
പുതിയ അദ്ധ്യയന വർഷത്തിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെയും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെയും നേതാക്കളായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പാണക്കാട്, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, പി.കെ. മൂസക്കുട്ടി ഹസ്രത്ത്, എം.ടി. അബ്ദുല്ല മുസ്ലിയാർ, പി.പി. ഉമ്മർ മുസ്ലിയാർ കൊയ്യോട് എന്നിവർ ആശംസകൾ നേർന്നു.