ആലപ്പുഴയില്‍ മയക്കുമരുന്നും സിറിഞ്ചുകളുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍


ആലപ്പുഴയില്‍ മയക്കുമരുന്നും സിറിഞ്ചുകളുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്നേഷ് ആണ് മയക്കുമരുന്നും സിറിഞ്ചുകളുമായി പിടിയിലായത്. ആലപ്പുഴ സൗത്ത് പൊലീസ് ആണ് 0.24 ഗ്രാം എംഡിഎംഎയും രണ്ട് സിറിഞ്ചുകളുമായി പ്രതിയെ കസ്റ്റഡിയിലെടുത്തത്.
നേരത്തെ ഹരിപ്പാട് നിന്ന് എംഡിഎംഎയുമായി പിടികൂടിയയാളില്‍ നിന്നുമാണ് പൊലീസിന് വിഘ്നേഷിന്റെ വിവരം ലഭിച്ചത്. ഇയാള്‍ക്ക് എംഡിഎംഎ നല്‍കിയത് വിഘ്നേഷ് ആണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രതി എംഡിഎംഎ ഉപയോഗിക്കുന്നതായും വില്‍പ്പന നടത്തുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് പൊലീസ് വിഘ്‌നേഷിനെ കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചത്. പിന്നാലെ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നിന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.