‘ടോയ്‌ലെറ്റ് നക്കിച്ചു, തല താഴ്ത്തിവച്ച് ഫ്‌ളഷ് ചെയ്തു’; 15കാരന്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത; വെളിപ്പെടുത്തലുമായി മാതാവ്


എറണാകുളം തൃപ്പൂണിത്തുറയില്‍ ഫ്‌ളാറ്റില്‍ നിന്ന് ചാടി സ്‌കൂള്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ ക്രൂരത വെളിപ്പെടുത്തി മാതാവ്. പതിനഞ്ചുകാരന്‍ സമാനതകളില്ലാത്ത ക്രൂരതയ്ക്ക് ഇരയായതായാണ് അമ്മയുടെ വെളിപ്പെടുത്തല്‍. മകന്‍ പഠിച്ചിരുന്ന ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ കുട്ടി സഹപാഠികളില്‍ നിന്ന് കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നുവെന്നാണ് മാതാവിന്റെ വെളിപ്പെടുത്തല്‍.
സ്‌കൂളില്‍ സഹപാഠികള്‍ നിറത്തിന്റെ പേരില്‍ പരിഹസിച്ചു. ടോയ്‌ലെറ്റ് നക്കിച്ചുവെന്നും മാതാവിന്റെ പരാതിയില്‍ പറയുന്നു. ക്ലോസറ്റില്‍ മുഖം പൂഴ്ത്തി വച്ച് ഫ്‌ലഷ് ചെയ്തുവെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു. സംഭവം വ്യക്തമാക്കുന്ന ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിരന്തരം നിരവധി പീഡനങ്ങള്‍ സ്‌കൂളില്‍ ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് 15കാരന്‍ ജീവനൊടുക്കിയതെന്നാണ് അമ്മയുടെ പരാതിയില്‍ വ്യക്തമാക്കുന്നത്. ജനുവരി 15ന് ആയിരുന്നു കുട്ടി ഫ്‌ളാറ്റിന്റെ 26ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. മകന്‍ മാനസിക ശാരീരിക പീഡനങ്ങള്‍ ഏറ്റു വാങ്ങിയെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നു.