എസ്ഐയെ തള്ളി താഴെയിട്ട് തലയ്ക്ക് അടിച്ചു, യൂണിഫോം വലിച്ച് പൊട്ടിച്ചു; പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ


സ്ത്രീകളെ ശല്യം ചെയ്യുന്നുവെന്ന പരാതിയിൽ സ്വകാര്യ ബസ്റ്റാൻഡിൽ നിന്ന് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുമ്പോൾ എസ്ഐയെ ആക്രമിച്ച വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. പ്ലസ് ടു വിദ്യാർഥിയായ വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് കിടങ്ങേത്ത് പുതുപ്പറമ്പിൽ വീട്ടിൽ ജിബിൻ ബിജു (18) ആണ് അറസ്റ്റിലായത്.
പത്തനംതിട്ട ബസ് സ്റ്റാൻഡിൽ സ്ത്രീകളെ ശല്യംചെയ്യുന്നതായി സന്ദേശം കിട്ടിയതിനെ തുടർന്നാണ് ചൊവ്വാഴ്ച വൈകിട്ട് പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ ജിനു സ്ഥലത്ത് എത്തിയത്. കറങ്ങി നടക്കുന്നത് കണ്ട ജിബിനോട് വീട്ടിൽ പോകാൻ പറഞ്ഞപ്പോൾ പൊലീസിനോട് ജിബിൻ തട്ടിക്കയറി.
സ്റ്റേഷനിലേക്ക് കൊണ്ടുപോകാനായി ജീപ്പിൽ കയറ്റാൻ ശ്രമിക്കുമ്പോൾ ജിബിൻ എസ്ഐയെ നിലത്തടിക്കുകയായിരുന്നു. തള്ളിത്താഴെയിട്ടശേഷം കമ്പെടുത്ത് തലയ്ക്ക് അടിക്കുകയും യൂണിഫോം വലിച്ച് പൊട്ടിക്കുകയും ചെയ്തു.
കൂടുതൽ പൊലീസ് എത്തിയാണ് വിദ്യാർത്ഥിയെ സ്റ്റേഷനിലെത്തിച്ചത്. ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. എസ്ഐയുടെ മൊഴിപ്രകാരം ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.