തിരൂർ – കടലുണ്ടി റോഡ് നവീകരണത്തിന് 12 കോടി രൂപയുടെ ഭരണാനുമതിയായി.


വള്ളിക്കുന്ന് : തിരൂർ – കടലുണ്ടി റോഡ് നവീകരണത്തിന് 12 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി. അബ്ദുൽ ഹമീദ് എം.എൽ.എ യും കെ.പി.എ മജീദ് എം.എൽ.എ യും അറിയിച്ചു.
തിരൂർ – കടലുണ്ടി റോഡിലെ തിരൂരങ്ങാടി മണ്ഡലത്തിലെ ചെട്ടിപ്പടി മുതൽ അരിയല്ലൂർ വരെയുള്ള ഭാഗങ്ങളിലെ റോഡ് നവീകരണത്തിനും വേണ്ടി അഞ്ച് കോടി രൂപയും, വള്ളിക്കുന്ന് മണ്ഡലത്തിലെ അരിയല്ലൂർ മുതൽ കടലുണ്ടിക്കടവ് വരെയുള്ള റോഡ് നവീകരണത്തിനും ഡ്രൈനേജ് നിർമ്മാണത്തിനും റോഡ് ഉയർത്തലിനും മറ്റുമായി ഏഴ് കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി.
നേരത്തെ രണ്ട് മണ്ഡലങ്ങളിലുമായി റോഡ് നവീകരണത്തിന് അഞ്ച്കോടി രൂപയുടെ പ്രവൃത്തി പൂർത്തീകരിച്ചിരുന്നു. എന്നാൽ റോഡിലെ പല ഭാഗങ്ങളിലെയും റോഡിൻ്റെ ശോച്യാവസ്ഥയും ഡ്രൈനേജ് നിർമാണത്തിൻ്റെയും എഡ്ജ് ഒഴിവാക്കലിൻ്റെയും ആവശ്യകത ചൂണ്ടികാണിച്ചു പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയതിനെ തുടർന്നാണ് 12 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. പദ്ധതിയുടെ സാങ്കേതികാനുമതിയും ടെണ്ടർ നടപടിയും വേഗത്തിലാക്കാൻ നിർദേശം നൽകിയതായി എം.എൽ.എ മാർ കൂട്ടിച്ചേർത്തു.