ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു


അമേരിക്കയുടെ 47-മത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു. ക്യാപിറ്റൾ മന്ദിരത്തിലെ പ്രശസ്തമായ താഴികക്കുടത്തിന് താഴെയൊരുക്കിയ വേദിയിലാണ് ട്രംപിന്റെ സത്യപ്രതിജ്ഞ നടന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ആദ്യം സത്യപ്രതിജ്ഞ ചെയ്തു. പിന്നാലെ ട്രംപും സത്യപ്രതിജ്ഢ ചെയ്ത് അധികാരമേൽക്കുകയായിരുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 10.30നായിരുന്നു സത്യപ്രതിജ്ഞ. യുഎസ് മുൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെയും തന്റെ മാതാവിന്റെയും ബൈബിളുകൾ കയ്യിലേന്തിയാണ് ട്രംപ് സത്യവാചകം ചൊല്ലിയത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ മുൻ പ്രസിഡന്റ് ജോ ബൈഡനും പങ്കെടുത്തു. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്, വാൻസിന്റെ ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസ് എന്നിവരും വേദിയിലുണ്ടായിരുന്നു. ജോ ബൈഡന്റെയും ഭാര്യ ജിൽ ബൈഡന്റെയും ആതിഥേയത്വത്തിലുള്ള ചായ സൽക്കാരത്തിന് ശേഷമാണ് ട്രംപ് സത്യപ്രതിജ്ഞാ വേദിയിലെത്തിയത്. വാഷിങ്ടൺ ഡിസിയിലെ സെന്റ് ജോൺസ് എപ്പിസ്കോപ്പൽ പള്ളിയിലെ കുർബാനയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. അതിശൈത്യം മൂലമാണ് തുറന്ന വേദി ഒഴിവാക്കി ക്യാപ്പിറ്റൾ മന്ദിരത്തിനുള്ളിലേക്ക് ചടങ്ങ് മാറ്റിയത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, വ്യവസായി മുകേഷ് അംബാനി, ഭാര്യ നിത അംബാനി എന്നിവരും പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല.