കൊവിഡ് ബാധിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ ബോധരഹിതനായി; ആശുപത്രിയി ലെത്തിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍


കൊവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയില്‍ കഴിയവേ ബോധരഹിതനായ യുവാവിനെ ആശുപത്രിയിലെത്തിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. കോഴിക്കോട് ഇല്ലിയംകാട്ടില്‍ താമസിക്കുന്ന വിഭൂഷാണ് കൊവിഡിനെ തുടര്‍ന്ന് ബോധരഹിതനായി കിടന്നത്.
ഉച്ചയ്ക്ക് 12 മണിക്ക് കുളിമുറിയില്‍ പോയ വിഭൂഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ അജന അറിയിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ സ്ഥലത്തെത്തി സര്‍ക്കാര്‍-സ്വകാര്യ ആംബുലന്‍സുകളെ വിളിച്ചെങ്കിലും ഒന്നും ലഭ്യമായില്ല.
തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ എം. സുരേഷും സന്ദീപും തേജസും വാനുമായി വന്ന് വിഭൂഷിനെ ആശുപത്രിയിലെത്തിച്ചത്.
ഡി.വൈ.എഫ്.ഐ. പുതുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റും പെരുവെമ്പ് പഞ്ചായത്ത് നാലാം വാര്‍ഡ് അംഗവുമാണ് എം. സുരേഷ്. സന്ദീപ് ഡി.വൈ.എഫ്.ഐ. പെരുവെമ്പ് ഈസ്റ്റ് മേഖല സെക്രട്ടറിയും തേജസ് വെസ്റ്റ് മേഖല ട്രഷററുമാണ്.
രോഗിയായ വിഭൂഷ് ബി.ജെ.പി പ്രവര്‍ത്തകനാണ്. വിഭൂഷിന്റെ ഭാര്യ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു.
ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ച രോഗിക്ക് ബോധം തെളിഞ്ഞതായി സുഹൃത്തുക്കള്‍ പറഞ്ഞു.