കരിമ്പ് ജ്യൂസ് മെഷിനിൽ കുടുങ്ങി 52കാരന് ഗുരുതര പരുക്ക് ; ഇടതു കൈ മുറിച്ചു മാറ്റി

പ്രതീകാത്മക ചിത്രം

മഞ്ചേരി : കരിമ്പ് ജ്യൂസ് മെഷിനിൽ കൈ കുടുങ്ങി 52കാരന് ഗുരുതര പരുക്ക്. എളങ്കൂർ ചെറുകുളം കൊയിലാണ്ടി അബ്ദുൽ ഗഫൂറിനാണ് പരുക്കേറ്റത്.
ജ്യൂസുണ്ടാക്കിക്കൊണ്ടിരിക്കെ കൈ അബദ്ധത്തിൽ മെഷിനിൽ കുടുങ്ങുകയായിരുന്നു.
പരിസരത്തുണ്ടായിരുന്നവർ ഉടൻ മെഷിൻ ഓഫ് ചെയ്തെങ്കിലും കൈ പുറത്തെടുക്കാനായില്ല. തുടർന്ന് നാട്ടുകാർ മഞ്ചേരി അഗ്നി രക്ഷാ സേനക്ക് വിവരം നൽകുകയായിരുന്നു.
സ്റ്റേഷൻ ഓഫിസർ പി.വി സുനിൽ കുമാറിന്റെ നേതൃത്വത്തിലെത്തിയ സേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കൈ പുറത്തെടുക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ അബ്ദുൽ ഗഫൂറിനെ സേനാംഗങ്ങൾ ഉടൻ മഞ്ചേരി ഗവ. മെഡി. കോളജ് ആശുപത്രിയിലെത്തിച്ചു.
ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകി പെരിന്തൽമണ്ണ അൽ ഷിഫ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് അബ്ദുൽ ഗഫൂറിന്റെ ഇടതു കൈ മുറിച്ചു മാറ്റുകയായിരുന്നു.
സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ കെ.പ്രതീഷ്, എഫ്.ആർ.ഒമാരായ സൈനുൽ ആബിദ്, എം.വി അജിത്ത്, ഹോം ഗാർഡുമാരായ പി.സുരേഷ്, ഗണേഷ് കുമാർ എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.