NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ബേപ്പൂർ ബീച്ചിന് ഇനി പുതുമുഖം; മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: നവീകരിച്ച ബേപ്പൂർ ബീച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. കൊച്ചിയിൽ നിന്ന് ബേപ്പൂരിലക്ക് സഞ്ചാരികൾക്ക് ജല മാർഗ്ഗം വരാനുള്ള സംവിധാനങ്ങൾ ഉൾപ്പെടെയുള്ള തുറമുഖ വികസന പദ്ധതികൾ സർക്കാർ ആലോചിക്കുന്നുണ്ട്. ഭാവിയിൽ കൊച്ചി പോലെ ഒരു തുറമുഖ പട്ടണമായി ബേപ്പൂർ മാറുമെന്ന് മന്ത്രി റിയാസ് പറഞ്ഞു.

 

ടൂറിസം വകുപ്പ് 9.94 കോടി രൂപ മുതല്‍ മുടക്കിലാണ് ബേപ്പൂർ ബീച്ചിലെ സൗന്ദര്യവത്കരണ പ്രവര്‍ത്തികള്‍ നടപ്പിലാക്കിയത്. ബീച്ച് എന്നും വൃത്തിയുള്ളതും സുന്ദരവുമായി നിലനിർത്തേണ്ടത് ആവശ്യമാണ്. ഇതിനായി നാട്ടിലെ യുവജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ടൂറിസം ക്ലബ്ബിന് രൂപം നൽകാൻ സർക്കാർ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ടൂറിസം സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ കൂടുതൽ ഹോംസ്റ്റേ സംരംഭങ്ങൾ ആരംഭിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന കാര്യവും പരിശോധിച്ചുവരികയാണ് മന്ത്രി കൂട്ടിച്ചേർത്തു.

 

ബേപ്പൂര്‍ ബീച്ചിന്റെ ആദ്യഘട്ട ടൂറിസം നവീകരണ പദ്ധതിയാണ് പൂർത്തിയായത്. പുലിമുട്ട് ബ്യൂട്ടിഫിക്കേഷന്‍ വര്‍ക്കുകള്‍, സീറ്റിങ് റിനോവേഷന്‍, യാര്‍ഡ് ഡ്രെയിനേജ്, യാര്‍ഡിലെ സീറ്റിംഗ് വര്‍ക്കുകള്‍, ഇലക്ട്രിഫിക്കേഷന്‍ വര്‍ക്കുകള്‍, റാമ്പ് വര്‍ക്കുകള്‍, ബ്ലൂ സ്‌പ്രേ കോണ്‍ക്രീറ്റ്, ഡ്രൈവ് വേ കോണ്‍ക്രീറ്റ് വര്‍ക്ക്, ലാന്‍ഡ്‌സ്‌കേപ്പിങ് വര്‍ക്കുകള്‍ എന്നിവയാണ് ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയത്.

 

മേയർ ഡോ ബീന ഫിലിപ്പ് അധ്യക്ഷനായ ചടങ്ങി‌ൽ നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൃഷ്ണകുമാരി, കൗൺസിലർമാരായ ടി രജനി, പി രാജീവ്, നവാസ് വാടിയിൽ, സുരേഷ് കൊല്ലരത്ത്, ഗിരിജ, ടി കെ ഷമീന, ടി രാധാഗോപി, ടൂറിസം വകുപ്പ് മേഖല ജോയിൻറ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ, ഡിടിപിസി സെക്രട്ടറി നിഖിൽദാസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *