4.25 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി ; മലപ്പുറം സ്വദേശി അറസ്റ്റിൽ


നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. 4.25 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. തായ്‌ലൻഡിൽ നിന്നുമാണ് കഞ്ചാവ് കടത്തിയത്. ബാഗിനകത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് 14 കിലോഗ്രാം വരുന്ന ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ മലപ്പുറം സ്വദേശിയായ ആമിൽ ആസാദ് അറസ്റ്റിലായി.
ബാങ്കോക്കിൽ നിന്നുമായിരുന്നു ആമില്‍ ആസാദ് നെടുമ്പാശ്ശേരിയിൽ എത്തിയിരുന്നത്. ഇയാളുടെ ബാഗേജിൽ സംശയം തോന്നിയ വിമാനത്താവള അധികൃതരും കസ്റ്റംസ് ഉദ്യോഗസ്ഥരും പരിശോധിച്ചപ്പോൾ 14 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ നാലേകാൽ കോടി രൂപ വിലമതിക്കുന്നതാണ് ഈ ഹൈബ്രിഡ് കഞ്ചാവ്.
ബാങ്കോക്കിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നത് കഴിഞ്ഞ ഏതാനും നാളുകളായി വർദ്ധിച്ചിരിക്കുന്നു എന്നാണ് കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 2 മാസത്തിനിടെ നിരവധി പേരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയിട്ടുണ്ട്. ഒരു ലക്ഷം രൂപ പ്രതിഫലത്തിനാണ് ആമിൽ ആസാദ് ഹൈബ്രിഡ് കഞ്ചാവ് കടത്തിയതെന്നും ഇയാൾ ഇടനിലക്കാരനെന്നുമാണ് വിവരം.