പത്തനംതിട്ട മുറിഞ്ഞകല്ലിൽ വാഹനാപകടം; നവദമ്പതികൾ ഉൾപ്പെടെ നാല് മരണം


പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കലഞ്ഞൂർ മുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിലേക്ക് കാർ ഇടിച്ചുകയറി നാല് മരണം. കുമ്പഴ മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, നിഖിൽ മത്തായി, അനു നിഖിൽ, ബിജു പി ജോർജ് എന്നിവരാണ് മരിച്ചത്. പുലർച്ചെ നാലിനാണ് അപകടം. നിഖിലും അനുവും ദമ്പതികളാണ്. അനുവിന്റെ പിതാവാണ് ബിജു.
നിഖിലിന്റെയും അനുവിന്റെയും വിവാഹം അടുത്തിടയായിരുന്നു. മലേഷ്യയിൽ ഹണിമൂൺ ആസ്വദിക്കാൻ പോയ ഇരുവരെയും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് അപകടം.
അമിതവേഗത്തിൽ എത്തിയ കാർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ബിജു ആണ് കാർ ഓടിച്ചിരുന്നത്. മൂന്നു പേർ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനു മരിച്ചത്. കാർ വെട്ടിപൊളിച്ചാണ് മറ്റുള്ളവരെ പുറത്തെടുത്തത്.
മരിച്ചവരുടെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലാണ്. അനുവിന്റെ മൃതദേഹം പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലും. കൂടല്‍ പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ബസിൽ ഉണ്ടായിരുന്ന അയ്യപ്പന്മാർക്കും നിസാര പരിക്കുണ്ട്.