NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എല്ലാ കെഎസ്ആര്‍ടിസി ബസും എസിയാക്കും, മുഴുവൻ ബസിലും കാമറ; വരാൻ പോകുന്നത് വമ്പൻ പരിഷ്കാരങ്ങളെന്ന് മന്ത്രി ഗണേഷ്‌കുമാർ

സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ വരാൻ പോകുന്നത് വമ്പൻ മാറ്റങ്ങളെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. എല്ലാ കെഎസ്ആര്‍ടിസി ബസുകളും എസിയാക്കുമെന്നും, മുഴുവൻ ബസിലും കാമറ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം എല്ലാ മാസവും ഒന്നാം തിയതി ശമ്പളം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നാണ് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചിരിക്കുന്നത്.

ഇതിനായി കെഎസ്ആർടിസിയിൽ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നൽകും. പാലക്കാട് കെഎസ്ആർടിസി ബസ് ടെർമിനലിൽ ശീതീകരിച്ച ഓഫീസ് മുറികളുടെയും ജീവനക്കാരുടെ ശീതികരിച്ച വിശ്രമ മുറികളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പുതിയ 35 എസി, സെമി സ്ലീപ്പർ ബസുകൾ പുറത്തിറക്കുമെന്നാണ് മന്ത്രിയുടെ അറിയിപ്പ്. അതിൽ നിന്ന് ഒരു വണ്ടി മൈസൂരിലേക്കും ഒരു വണ്ടി മദ്രാസിലേക്കും സർവീസ് നടത്തും. പാലക്കാട് നിന്ന് പഴനിയിലേക്ക് ഓടിയിരുന്ന സർവീസ് നിർത്തില്ല പകരം ലാഭകരമാകുന്ന പുതിയ സമയം ക്രമീകരിച്ച് സർവീസ് പുനരാരംഭിക്കും. സ്ത്രീകളും കുട്ടികളും കെഎസ്ആർടിസിയിൽ കയറാതെ കെഎസ്ആർടിസി രക്ഷപ്പെടില്ല. അതിന് മികച്ച സൗകര്യങ്ങൾ ശുചിത്വം, ഭക്ഷണം എന്നിവ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.

 

അതേസമയം ഹൈക്കോടതി നിർദ്ദേശപ്രകാരം എല്ലാ വാഹനങ്ങളിലും ക്യാമറകൾ ഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ക്യാമറ കൺട്രോളുകൾ നേരിട്ട് കെഎസ്ആർടിസി ഹെഡ് കോർട്ടേഴ്സുകളിൽ ആയിരിക്കും. ഡ്രൈവർമാർ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ആധുനിക ക്യാമറകൾ കൂടി ഫിറ്റ് ചെയ്യുന്നത് പരിഗണനയിലുണ്ട്. അതേസമയം കെഎസ്ആർടിസിയിലെ സിവിൽ വർക്കുകൾ ജീവനക്കാർ തന്നെ ചെയ്യുന്ന രീതിയിലാക്കുമെന്നും മന്ത്രി അറിയിച്ചു. ഇത് ടെൻഡർ നടപടികളേക്കാൾ കെഎസ്ആർടിസിക്ക് ലാഭകരമാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *