പൂരപ്പുഴ ബാർ – മദ്യ – ലഹരി വിരുദ്ധ സമിതിയുടെ പ്രതിഷേധ വിളംബര ജാഥയും ബഹുജന സംഗമവും തിങ്കളാഴ്ച)


പരപ്പനങ്ങാടി: പൂരപ്പുഴ ബാർ – മദ്യ – ലഹരി വിരുദ്ധ സമിതിയുടെ പ്രതിഷേധ വിളംബര ജാഥയും ബഹുജന സംഗമവും തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൂരപ്പുഴയിൽ ഹോട്ടലിൻ്റെ മറവിൽ ബാർ തുടങ്ങാനുള്ള അധികാരികളുടെ നീക്കത്തിനെതിരേ വിവിധ സമര പരിപാടികൾ നടന്നു വരുന്നുണ്ട്.
ബാർ തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കുക, വർധിച്ചു വരുന്ന ലഹരി വിൽപനക്കെതിരേ അധികാരികൾ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിളംബര ജാഥയും ബഹുജന സംഗമവും നടത്തുന്നത്. വിളംബര ജാഥ വൈകീട്ട് നാലിന് പൂരപ്പുഴയിൽ നിന്നും തുടങ്ങി ചിറമംഗലത്ത് സമാപിക്കും.
തുടർന്ന് നടക്കുന്ന ബഹുജന സംഗമം കെ.പി.എ മജിദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി പി.കെ അബ്ദുറബ്ബ്, പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി ഷാഹുൽ ഹമീദ്, താനൂർ നഗരസഭ ചെയർമാൻ റഷീദ് മോര്യ, മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, അഡ്വ.സുജാത വർമ്മ, നിയാസ് പുളിക്കലകത്ത്, മേനോത്ത് രാജീവ് മാസ്റ്റർ തുടങ്ങി മത രാഷ്ടിയ സാമൂഹിക സാംസ്കാരിക നേതാക്കൾ സമ്പന്ധിക്കും.
വാർത്താ സമ്മേളനത്തിൽ പി.വി കുഞ്ഞി മരക്കാർ, എൻ.ഹംസക്കുട്ടി, ടി.ശ്രീധരൻ, നിഷാദ് മടപ്പള്ളി, നവാസ് ചിറമംഗലം, എൻ.കെ ബഷീർ എന്നിവർ പങ്കടുത്തു.