പരപ്പനങ്ങാടി കോടതി സമുച്ചയ നിർമ്മാണം പുരോഗഗതിയിൽ; കെ.പി.എ മജീദ് എം.എൽ.എ. സന്ദര്‍ശിച്ച് വിലയിരുത്തി


പരപ്പനങ്ങാടി: നിർമാണം പുരോഗമിക്കുന്ന പരപ്പനങ്ങാടി കോടതി ബഹുനില കെട്ടിടത്തിന്റെ പ്രവൃത്തി വിലയിരുത്തുന്നതിനായി കെ.പി.എ മജീദ് എം.എൽ.എ. സ്ഥലം സന്ദർശിച്ചു. കോടതിയുടെ നിർമ്മാണ പ്രവർത്തി ദ്രുതഗതിയിലാണ് നടക്കുന്നത്. ജില്ലയിൽ കൂടുതൽ സ്ഥല സൗകര്യമുള്ള കോടതിയാണിത്.
മുൻസിഫ് കോടതി, ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, ഫാസ്റ്റ് ട്രാക്ക് കോടതി എന്നിവയാണ് നിലവിൽ ഇവിടെ പ്രവർത്തിക്കുന്നത്. കോടതിയുടെ പഴയ തനിമയും, പ്രകൃതി സൗഹൃദ അന്തരീക്ഷം നിലനിർത്തിയും നൂതന രൂപകൽപന ചെയ്തതാണ് പുതിയ ബഹുനില കെട്ടിടം.
46000 സ്‌ക്വയർഫീറ്റ് അളവിലാണ് കെട്ടിടം. താഴത്തെ നിലയിൽ 9000 സ്‌ക്വയർഫീറ്റ് വരുന്നുണ്ട്. ഇതിൽ വാഹന പാർകിംഗ് ഏരിയയും, ലോബ്ബിയും ഉൾപ്പെടും. മറ്റു നിലകൾ 9000 സ്‌ക്വയർഫീറ്റ് ഉള്ള നാല് നിലകൾ ഉൾപ്പെടെ അഞ്ച് നിലകളിലാണ് കെട്ടിടം പണിയുന്നത്.
ഈ കെട്ടിടത്തിൽ ആയിരം സ്‌ക്വയർഫീറ്റ് വീതമുള്ള നാല് കോടതി ഹാളുകളും, ജഡ്ജിമാരുടെ കാബിനുകളും, ലൈബ്രറി, സ്റ്റോർ റൂം, ഓഫീസ് റൂം, റെക്കോർഡ് റൂം, ഡൈനിംഗ് ഹാൾ, തൊണ്ടി മുതൽ സൂക്ഷിക്കുന്നതിനുള്ള റൂം, രണ്ട് ലിഫ്റ്റുകൾ, രണ്ട് സ്റ്റെയർകേസുകൾ, എന്നിവയും ഉൾപ്പെടും. മൊത്തം 18 കോടിയും ജി.എസ്. ടി യും ആണ് ആണ് നിർമാണത്തുക.
2025 ജൂലൈ-31 നുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുമെന്ന് നിർമാണ ചുമതല ഏറ്റെടുത്ത കൺസ്ട്രക്ഷൻ ഉടമ നിർമ്മാൺ മുഹമ്മദലി അറിയിച്ചു.
എം.എൽ.എ ക്ക് പുറമെ ജില്ലാ ജഡ്ജ് ഫാത്തിമ ബീവി, മുൻസിഫ് അശ്വിനി നളിനി, മജിസ്ട്രേറ്റ് വിപിൽ ദാസ്, കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപൻ, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയർ ബിജു, ഓവർസിയർമാരായ ഷാഹിന, അഭയ് ദേവ്, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. മുഹമ്മദ് ഹനീഫ, അഭിഭാഷകരായ കെ.പി സൈദലവി, ഹാരിഫ്, വാസുദേവൻ, മുസ്തഫ, കുഞ്ഞാലിക്കുട്ടി, നിർമ്മാൺ മുഹമ്മദലി എന്നിവരും സംബന്ധിച്ചു.