വള്ളിക്കുന്ന് സ്വദേശി കുമാർ സുനിൽ നായകനായ ‘ഫെമിനിച്ചി ഫാത്തിമ’ ലോകസിനിമയിലേക്ക്


വള്ളിക്കുന്ന് : അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (ഐ.എഫ്. എഫ്.കെ) ഇടംനേടി മലപ്പുറം വള്ളിക്കുന്നിലെ കുമാർ സുനിൽ നായകനായ ‘ഫെമിനിച്ചി ഫാത്തിമ’ എന്ന സിനിമയും.
ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന 29 ആ മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിലേക്കാണ് കുമാർ സുനിൽ നായകനായ ‘ഫെമിനിച്ചി ഫാത്തിമ’ തിരഞ്ഞെടുക്കപ്പെട്ടത്.
വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയായ കുമാർ സുനിൽ 25 വർഷത്തോളമായി നാടകലോകത്ത് സജീവമായിരുന്നു. ഒറ്റയാൾ നാടകമായിരുന്നു ഏറെയും ചെയ്തിരുന്നത്. അസംഘടിതർ, കാതൽ, ആന്റണി, മറഡോണ,18+, ഒടിയൻ, വെള്ളരിപ്പട്ടണം തുടങ്ങിയ ഒട്ടേറെ സിനിമകളിലും സുനിൽ അഭിനയിച്ചിട്ടുണ്ട്.
ഷൂട്ടിങ് പൂർത്തിയായ ഏഴോളം സിനിമകൾ റിലീസ് ചെയ്യാനുമുണ്ട്. 1001 നുണകൾ എന്ന സിനിമയിൽ നായികയായി അഭിനയിച്ച ഷംല ഹംസയാണ് ഈ ചിത്രത്തിൽ പ്രധാന നായികയായി സുനിലിനൊപ്പം വേഷമിടുന്നത്. ദുബായിൽ സ്ഥിരതാമസമുള്ള ഷംല കേരളത്തിൽ തൃത്താല സ്വദേശിയാണ്. പൊന്നാനിയിലെ സാധാരണ ഒരു മുസ്ലിം കുടുംബത്തിന്റെ കഥയാണ് ‘ഫെമിനിച്ചി ഫാത്തിമ’.
അഷ്‌റഫും ഫാത്തിമയും എന്ന കഥാപാത്രത്തെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. ഫാസിൽ മുഹമ്മദ് എടപ്പാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. എ.എഫ്.ഡി.സിനിമയുടെ ബാനറിൽ സുധീഷ് സ്കറിയയും, താമിറും ആണ് ചിത്രത്തിന്റെ നിർമാണം.
ചലച്ചിത്ര മേളയിൽ12 മലയാള സിനിമകൾക്കാണ് പ്രദർശനത്തിന് അനുമതിയുള്ളതെങ്കിലും മത്സരവിഭാഗത്തിലേക്ക് ‘ഫെമിനിച്ചി ഫാത്തിമ’ ഉൾപ്പെടെ രണ്ടുസിനിമയാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
തന്റെ സിനിമ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഉൾപ്പെട്ടതിന്റെ സന്തോഷത്തിലാണ് കുമാർ സുനിലും ഭാര്യ ബീനയും മക്കളായ തനു ശിവ്, ശിവ് കാർത്തിക് എന്നിവരും.