കനത്ത മഴ; തിങ്കളാഴ്ച അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


തിരുവനന്തപുരം: അതിശക്തമായ മഴ കണക്കിലെടുത്ത് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
വയനാട് ജില്ലയിൽ അങ്കണവാടി, ട്യൂഷൻ സെൻററുകൾ, പ്രൊഫഷണൽ കോളജുകൾക്കും അവധി ബാധകം. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മോഡൽ റെസിഡ്യൻഷ്യൽ സ്കൂളുകളെ അവധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കോട്ടയത്ത് മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. പത്തനംതിട്ട ജില്ലയിലും നേരത്തെ നിശ്ചയിച്ച യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റം ഉണ്ടാവില്ല. ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമില്ല. കണ്ണൂർ ജില്ലയിലും മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.