NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് ഫലം പൂർത്തിയാകുമ്പോൾ വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയും പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപിനും മിന്നും വിജയം. വോട്ടെണ്ണൽ തുടങ്ങിയത് മുതൽ ലീഡ് പിടിച്ച പ്രിയങ്കയ്ക്കും പ്രദീപിനും പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

 

അതേസമയം പാലക്കാട് തുടക്കത്തിൽ ലീഡ് ഉയർത്തിയത് ബിജെപിയുടെ സി കൃഷ്ണകുമാർ ആയിരുന്നു. പിന്നീട് രാഹുൽ മുന്നിലെത്തിയെങ്കിലും വീണ്ടും കൃഷ്ണകുമാർ ലീഡ് പിടിച്ചു. ആദ്യ മണിക്കൂറുകളിലെ ചാഞ്ചാട്ടത്തിന് ശേഷം ലീഡ് ഉയർത്തി വന്ന രാഹുൽ വമ്പൻ ഭൂരിപക്ഷത്തിൽ തന്നെയാണ് കന്നിയങ്കം വിജയിച്ചു കയറിയത്.

408036 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക കന്നിയങ്കത്തിൽ വയനാട് സ്വന്തമാക്കിയത്. പ്രിയങ്ക 617942 വോട്ടുകൾ, സിപിഐയുടെ സ്ഥാനാർഥി സത്യൻ മൊകേരി 209906, ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസ് 109202 ഇങ്ങനെയാണ് കണക്കുകൾ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുല്‍ ഗാന്ധി നേടിയ 3,64,422 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രിയങ്ക മറികടന്നത്. അതേസമയം 2019 ലെ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ലീഡ് 4,31,770 ആയിരുന്നു.

 

ഏറെ വിവാദങ്ങൾക്ക് സാക്ഷിയായ കേരളമാകെ ഉറ്റുനോക്കിയ പാലക്കാട്, ബിജെപി കോട്ടകൾ പൊളിച്ചടുക്കിയാണ് രാഹുൽ മാങ്കൂട്ടത്തിൽ ആധികാരിക വിജയം സ്വന്തമാക്കിയത്. ഷാഫി പറമ്പലിന്റെ പിൻഗാമിയായി എത്തിയ രാഹുൽ, ഷാഫിയുടെ ഭൂരിപക്ഷം മറികടന്നുവെന്നതും ഇരട്ടി തിളക്കമാണ്.18840 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുലിനുള്ളത്.

 

രാഹുൽ 58389 വോട്ടുകൾ, ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ 39549, ഇടത് സ്വതന്ത്രൻ പി സരിൻ 37293 ഇങ്ങനെയാണ് കണക്കുകൾ. നഗരമേഖലയില്‍ ബിജെപി ആധിപത്യം ഉണ്ടായിരുന്നെങ്കിലും ആദ്യമണിക്കൂറുകൾ കഴിഞ്ഞപ്പോൾ രാഹുൽ ലീഡിൽ ഉറച്ചു നിൽക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ട് കുറഞ്ഞതു പാർട്ടിക്ക് തിരിച്ചടിയായി.

 

ഇനി ചേലക്കരയിലേക്ക് വന്നാൽ കഴിഞ്ഞ 28 വർഷത്തെ ഇടതു ചരിത്രം ചേലക്കരയിൽ ആവർത്തിച്ചു. 2021ലെ രാധാകൃഷ്ണന്റെ ഭൂരിപക്ഷമായ 39,400ലേക്ക് എത്തിയില്ലെങ്കിലും പ്രദീപിന്റേത് മികച്ച വിജയമാണ്. 12201 വോട്ടുകളാണ് പ്രദീപിന്റെ ഭൂരിപക്ഷം. 64827 വോട്ടുകളാണ് പ്രദീപ് ആകെ നേടിയത്. കോൺഗ്രസിന്റെ രമ്യ ഹരിദാസ് 52626 വോട്ടുകളും ബിജെപിയുടെ കെ ബാലകൃഷ്ണൻ 33609 വോട്ടുകളും നേടി. അതേസമയം 6 മാസത്തിനിടയിൽ രമ്യക്കിത് രണ്ടാം തോൽവിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്ന് കെ രാധാകൃഷ്ണനോടാണ് രമ്യ തോറ്റത്.

Leave a Reply

Your email address will not be published. Required fields are marked *