അധ്യാപികയെ ക്ലാസില്‍ കയറി കൊലപ്പെടുത്തിയ പ്രതി പിടിയില്‍; ക്രൂര കൃത്യം വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന്


തമിഴ്‌നാട്ടില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസില്‍ കയറി കുത്തിക്കൊലപ്പെടുത്തി. തഞ്ചാവൂര്‍ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് കൊല്ലപ്പെട്ടത്. രമണി കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്നതിനിടെയാണ് സംഭവം നടന്നത്. ക്ലാസില്‍ കയറി ക്രൂര കൃത്യം നടത്തിയ സംഭവത്തിലെ പ്രതി എം മദന്‍ പൊലീസ് പിടിയിലായിട്ടുണ്ട്.
പ്രതിയുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് ക്രൂരതയ്ക്ക് കാരണം. കത്തി ഉപയോഗിച്ച് രമണിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ രമണിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുന്‍പ് തന്നെ മരണം സംഭവിച്ചു. നാല് മാസം മുന്‍പാണ് രമണി സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്.
കഴിഞ്ഞ ദിവസം വിഷയവുമായി ബന്ധപ്പെട്ട് ഗ്രാമത്തിലെ മുതിര്‍ന്നവര്‍ മദന് താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി സ്‌കൂളില്‍ കയറി ക്രൂരകൃത്യം നടത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.