സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്; കെപിസിസി വാർത്താസമ്മേളനം ഉടൻ


ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്. കെപിസിസി വാർത്താസമ്മേളനം ഉടൻ ഉണ്ടാകും. വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ ചർച്ചകൾ നടത്തുകയാണ്.
ദീപാദാസ് മുൻഷിയും വി ഡി സതീശനും ഉൾപ്പെടെ മുതിർന്ന നേതാക്കള്‍ എത്തിയിട്ടുണ്ട്. പതിനൊന്നരയ്ക്കാണ് പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം. ഇന്നുതന്നെ സന്ദീപ് വാര്യർ കോൺഗ്രസ് വേദിയിലേക്ക് എത്തുമെന്നാണ് സൂചന.
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായും, പാലക്കാട് സ്ഥാനാർഥി സി കൃഷ്ണകുമാറുമായും ഇടഞ്ഞതോടെയാണ് സന്ദീപ് പാർട്ടിയുമായും അകന്നത്.
എന്‍ഡിഎ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് ഇരിപ്പിടം നൽകാത്തതോടെ ആ തർക്കം മുറുകിയിരുന്നു. സന്ദീപ് അന്ന് വേദി വിടുകയും ചെയ്തിരുന്നു.
ശേഷം നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി സന്ദീപ് രംഗത്തെത്തിയിരുന്നു. തന്റെ അമ്മ മരിച്ചപ്പോൾ സി കൃഷ്ണകുമാർ കാണാൻ വന്നിരുന്നില്ലെന്നും എന്നാൽ രാഷ്ട്രീയ പ്രതിയോഗികളായ നേതാക്കൾ പലരും വന്നിരുന്നുവെന്നും എന്നാൽ സി കൃഷ്ണകുമാർ വന്നില്ലെന്നും പറഞ്ഞ് സന്ദീപ് രംഗത്തുവന്നിരുന്നു. വിമർശനപരമായ ആ കുറിപ്പ് സന്ദീപ് വൈകാരികമായാണ് അവസാനിപ്പിച്ചിരുന്നത്.
ആർഎസ്എസ്, ബിജെപി നേതാക്കൾ അടക്കം നിരവധി തവണ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സന്ദീപ് വഴങ്ങിയിരുന്നില്ല. പാർട്ടി വിടില്ലെന്ന് സന്ദീപ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിനിടെ സിപിഐഎം നേതാക്കൾ തന്നെ സന്ദീപ് വന്നാൽ സ്വീകരിക്കുമെന്ന സൂചനകളും നൽകിയിരുന്നു. എന്നാൽ കോൺഗ്രസിലേക്ക് പോകുമെന്ന് വാർത്തയാണ് ഒടുവിലത്തേത്.